കോഴിക്കോട്: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒരുമിക്കണമെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ഇടതുചിന്തകനുമായ രാംപുനിയാനി. ഇടതുരാഷ്ട്രീയകക്ഷികള്‍ക്ക് ഒരു മുന്നണിയായി പ്രവര്‍ത്തിക്കുന്നത് പ്രയാസമായിരിക്കും. എന്നാല്‍ സമാന ചിന്താഗതിക്കാര്‍ ഒരുമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജനാധിപത്യവേദി സംഘടിപ്പിച്ച കെ.എസ്. ബിമല്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ദേശീയതയല്ല ഹിന്ദു ദേശീയത. എല്ലാവിഭാഗം ജനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ പാരമ്പര്യം. രാഷ്ട്രീയ അധിരാകാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേറ്റ് ലോകവും വര്‍ഗീയ ശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. രാജ്യത്തെ വിഭവങ്ങളെ എളുപ്പം കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വ്യാവസായികാവശ്യങ്ങള്‍ക്കായി ഏത് ഭൂമിയും ലഭ്യമാക്കുമെന്നുള്ള ഭൂപരിഷ്‌കരണ ബില്‍ ഇതിന്റെ ഭാഗമാണെന്നും രാംപുനിയാനി വ്യക്തമാക്കി.
കോര്‍പ്പറേറ്റുകളും ഫാഷിസ്റ്റുകളും രാജ്യത്തെ അവരുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. കനയ്യകുമാറിന് ജാമ്യം ലഭിച്ചിട്ട് അത് വാര്‍ത്തയാക്കാന്‍ പോലും രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറായില്ല. പാക്കിസ്ഥാനിലേക്ക് പോകണമെന്ന പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ കേരളത്തിലെ 90 ശതമാനം പേരും പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും, രാംപുനിയാനി പറഞ്ഞു.
ആര്‍.എസ്.എസ്. സമസ്തമേഖലകളിലും പിടിമുറുക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് ആരോപിക്കുന്നു. ഹിന്ദുത്വ എന്നുപറയുന്നത് ബ്രാഹ്മണരാഷ്ട്രീയമാണ്. ആധുനിക ലോകത്ത് മനുസ്മൃതി തിരികെയെത്തിക്കാനുള്ള ശ്രമമാണിതെന്നും രാംപുനിയാനി കൂട്ടിച്ചേര്‍ത്തു.