കേന്ദ്രത്തിന്റെ അടുത്തനീക്കം ഏക സിവില്‍കോഡെന്ന് രാം പുനിയാനി; 'ചരിത്രം ഒരുകാലത്തും ഫാസിസ്റ്റുകള്‍ക്ക് മാപ്പുകൊടുത്തിട്ടില്ല'
Kerala
കേന്ദ്രത്തിന്റെ അടുത്തനീക്കം ഏക സിവില്‍കോഡെന്ന് രാം പുനിയാനി; 'ചരിത്രം ഒരുകാലത്തും ഫാസിസ്റ്റുകള്‍ക്ക് മാപ്പുകൊടുത്തിട്ടില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2019, 8:48 am

തിരുവനന്തപുരം: അടിയന്തരാവസ്ഥയെക്കാള്‍ ഭയാനക അവസ്ഥയാണ് രാജ്യത്ത് വരാനിരിക്കുന്നതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡോ.രാം പുനിയാനി. വര്‍ധിച്ചുവരുന്ന അസമത്വവും തൊഴിലില്ലായ്മയും സാമ്പത്തികത്തകര്‍ച്ചയുമെല്ലാം മറച്ചുവച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമം പൂര്‍ണരൂപത്തിലെത്തി. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ദീര്‍ഘകാല അജന്‍ഡയാണ് കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നിലെന്നും രാം പുനിയാനി പറഞ്ഞു. ദേശാഭിമാനിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

‘അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്താണ് കേന്ദ്രം കശ്മീരിനെ കീറിമുറിച്ചത്. മുത്തലാഖ്, യു.എ.പി.എ ബില്ലുകളെല്ലാം ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ചവിട്ടുപടിയായിരുന്നു. അടുത്തതായി ഏക സിവില്‍ നിയമത്തിനാകും ശ്രമം’, പുനിയാനി പറഞ്ഞു.

ഒടുവില്‍, സംഘപരിവാര്‍ വജ്രായുധമായി കാത്തുസൂക്ഷിക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിലേക്ക് കടക്കും. ജനവികാരം പ്രതിഫലിപ്പിക്കാനായി പ്രക്ഷോഭം നടത്തേണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകോപനമില്ലാത്ത സ്ഥിതിയിലാണെന്നും അദ്ദേഹം വിലയിരുത്തി. ‘കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. അഭിപ്രായം പറയുവാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് അവര്‍ മാറി. സംഘ്പരിവാറിന്റെ ഈ വിജയം താല്‍ക്കാലികമാണ്. ചരിത്രം ഒരുകാലത്തും ഫാസിസ്റ്റുകള്‍ക്ക് മാപ്പുകൊടുത്തിട്ടില്ല’, പുനിയാനി കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കുന്നതോടുകൂടി ജനജീവിതം കൂടുതല്‍ ദുസ്സഹമാവും. ടൂറിസത്തിന് സാധ്യത കൂടുതലായതിനാല്‍ സ്വകാര്യമേഖലയുടെ കേന്ദ്രീകരണം സാമ്പത്തിക അസമത്വത്തിന് വഴിവക്കുമെന്നും പുനിയാനി അഭിപ്രായപ്പെട്ടതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. ‘മോദി സര്‍ക്കാരിന് പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ആവശ്യമില്ല. വിദ്വേഷം പടര്‍ത്തി ഭരിക്കാനാവശ്യമായ എല്ലാ ആയുധങ്ങളും അവരുടെ പക്കലുണ്ട്. മൃഗീയ ഭൂരിപക്ഷത്തില്‍ ബില്ലുകളെല്ലാം പാസാക്കിയെടുക്കാനാവുന്നു. അവര്‍ ഭരണഘടന മാറ്റിയെഴുതുന്നു. അടിയന്തരാവസ്ഥയെക്കാള്‍ ഭീതികരമായ അവസ്ഥയാണ് രാജ്യം നേരിടാന്‍ പോകുന്നത്’, രാം പുനിയാനി കൂട്ടിച്ചേര്‍ത്തു.