| Sunday, 15th July 2018, 9:04 am

രാമക്ഷേത്ര നിര്‍മ്മാണം അജണ്ടയിലേയില്ല; അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞെന്ന വാര്‍ത്ത നിഷേധിച്ച് ബി.ജെ.പി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള ഒരു പ്രസ്താവനയും അമിത് ഷാ നടത്തിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ പുതിയ വാദം.

പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ഹൈദരാബാദില്‍ പറഞ്ഞെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസസുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു.


കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന വ്യാജപ്രചരണം: ആള്‍ക്കൂട്ട കൊലപാതകം വീണ്ടും


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ ഈ നീക്കത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ബി.ജെ.പി രംഗത്തെത്തിയത്.

അയോധ്യകേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പറയുന്നതിന് മുന്‍പ് തന്നെ അമിത് ഷാ വിധിയെഴുതിക്കഴിഞ്ഞെന്നായിരുന്നു ഒവൈസി കുറ്റപ്പെടുത്തിയത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം സുപ്രീം കോടതി വിധി പറയുന്നതായിരിക്കും നല്ലതെന്നും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇത് ആവശ്യമാണെന്നും ഒവൈസി പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി ബി.ജെ.പി എത്തി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അമിത് ഷാ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അത്തരമൊരു അജണ്ട നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്നുമായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ ട്വീറ്റ്. ചില മാധ്യമങ്ങളാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലെന്നും ട്വീറ്റില്‍ ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.


മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 639 കര്‍ഷകര്‍


അതേസമയം ജനകീയ വിഷയങ്ങളില്‍ പിടിവള്ളിയില്ലാതായതോടെ അയോധ്യവിഷയം വീണ്ടും ഉയര്‍ത്തിപിടിച്ച് രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കമെന്ന നിലയില്‍ പര്യടനം നടത്തുന്ന അമിത്ഷാ പ്രാദേശിക ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് രാമക്ഷേത്ര വിഷയം പറഞ്ഞത്.

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞതായി ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം പെരാല ശേഖര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

2014ല്‍ ബി.ജെ.പി ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിച്ച ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്.

രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പി പ്രവര്‍ത്തകര്‍ രണ്ട് ട്രക്ക് നിറയെ കല്ലുകള്‍ കഴിഞ്ഞവര്‍ഷം അയോധ്യയില്‍ എത്തിച്ചിരുന്നു. ഇതുപോലെ നൂറ് ട്രക്ക് കല്ലുകള്‍ രാമക്ഷേത്രനിര്‍മാണത്തിനായി കൊണ്ടുവരുമെന്ന് വി.എച്ച്.പി നേതാവ് ത്രിലോക് നാഥ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ 2015ല്‍ സമാജ്വാദിപാര്‍ടി സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ കല്ലുകള്‍ കൊണ്ടുവരാനുള്ള നീക്കം അധികൃതര്‍ തടഞ്ഞിരുന്നു.

ബാബ്റി മസ്ദിജ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. തര്‍ക്കസ്ഥലത്ത് നിര്‍മാണം സുപ്രീംകോടതി വിലക്കിയിട്ടുമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more