|

അയോധ്യയും ശബരിമലയും കൂട്ടി കലര്‍ത്തരുത്; ഒന്ന് വിശ്വാസമാണ് രണ്ടാമത്തേത് ആചാരവും: പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാ വിഷയം വിശ്വാസത്തിലധിഷ്ഠിതമാണെന്നും ശബരിമല ആചാരത്തിലധിഷ്ഠിതമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. രണ്ടു തമ്മില്‍ കൂട്ടികലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

“അയോധ്യാ വിഷയം വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വാസവും ആചാരവും തമ്മില്‍ കൂട്ടികലര്‍ത്തരുത്. ശബരിമലയിലേത് ആചാരത്തിലൂന്നിയുള്ള വിഷയമാണ്. അത് ആധുനിക ഭരണഘടനാ മൂല്യത്തിന് എതിരാണ്. അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് പറയുന്നത് വിശ്വാസമാണ്. അതുകൊണ്ടാണ് കുറച്ചുപേര്‍ ആ ഭൂമിയില്‍ അവകാശപ്പെടുന്നത്.” ചിദംബരം പറഞ്ഞു.

താനൊരു വിശ്വാസിയല്ലെന്നും എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അവരുടെ അഭിപ്രായം പറയുമ്പോള്‍ അവരെ എങ്ങനെ തടയുമെന്നും ചിദംബരം ചോദിച്ചു.

ALSO READ: മോദിയുടെ ത്രിപുര സന്ദര്‍ശനം ഇന്ന്; മൂന്ന് സി.പി.ഐ.എം എം.പിമാരും മോദിയെ ബഹിഷ്‌ക്കരിക്കും

“ഞാന്‍ ഒരു മതവിശാസിയല്ല. സുപ്രീംകോടതിയുടെ പ്രമേയത്തിന് അനുകൂലമല്ലാത്തതൊന്നും കോടതി ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുമില്ല. ഞാന്‍ സുപ്രീംകോടതി വിധിയെ സ്വീകരിക്കുന്നു. എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അദ്ദേഹത്തിന്റെ പക്ഷം പറയുമ്പോള്‍ അവരെ എങ്ങനെ തടയും.” ശബരിമല വിഷയത്തില്‍ ഊന്നി പി. ചിദംബരം ചോദിച്ചു.

“കുറച്ചുപേര്‍ പറയുന്നത് നൂറ്റാണ്ടുകളായി അവിടെ മസ്ജിദ് സ്ഥിതി ചെയ്യുന്നുണ്ടെന്നാണ്. എന്നാല്‍ അലഹബാദ് ഹൈകോടതിയുടെ കേസില്‍ സുപ്രീംകോടതിക്ക് പ്രശ്‌ന പരിഹാരം സാധ്യമാണെന്ന് തോന്നുന്നുണ്ടോ. അത്തരം പ്രശ്‌നങ്ങളില്‍ പലതും കോടതിയുടെ പ്രമേയങ്ങളില്‍ വരുന്നതല്ല. വിശ്വാസവും ആചാരവും തമ്മിലുള്ള ഈ വിഷയങ്ങള്‍ ഒരേപോലെയാണെന്ന് എനിക്ക് തോന്നുന്നില്ല.”

മധ്യപ്രദേശില്‍ ഗോ വധത്തിന്റെ പേരില്‍ എന്‍.എ.എസ്.എ പ്രഖ്യാപിച്ചത് തെറ്റായിപോയെന്നും ഇത്തരം തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് നേതൃത്വത്തിന്റെ പോരായ്മയായാണ് വരിക എന്നും ചിദംബരം കൂട്ടി ചേര്‍ത്തു.