മിസിസാഗ: കാനഡയിലെ രാമ ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍. മിസിസാഗയിലെ രാമ ക്ഷേത്രത്തിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സംഭവത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അപലപിച്ചു. അധികാരികളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരം പ്രവര്‍ത്തികള്‍ ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കോണ്‍സുലേറ്റ് ജനറലിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
We strongly condemn the defacing of Ram Mandir in Missisauga with anti-India graffiti. We have requested Canadian authorities to investigate the incident and take prompt action on perpetrators.
മോദി വിരുദ്ധ എഴുത്തുകളും മുദ്രാവാക്യങ്ങളും നിറഞ്ഞ ക്ഷേത്രത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങളെ സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഈ വര്‍ഷം സമാന രീതിയില്‍ രണ്ടാം തവണയാണ് കാനഡയില്‍ ക്ഷേത്രങ്ങളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. നേരത്തെ ബ്രാംപ്ടണിലെ ഗൗരി ശങ്കര്‍ മന്ദിറിലും സമാന രീതിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇത്തരം വിദ്വേഷ പ്രവര്‍ത്തികള്‍ കാനഡയില്‍ അനുവദിക്കില്ലെന്നും എല്ലാവരും തങ്ങളുടെ ആരാധനാലയങ്ങളില്‍ സുരക്ഷിതരായിരിക്കണമെന്നും സംഭവത്തെ അപലപിച്ച് ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ പറഞ്ഞു.
2022 ജൂലൈ മുതല്‍ ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം കാനഡില്‍ നാല് തവണ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ കാനഡയിലെ സ്വാമിനാരായണ മന്ദിര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജൂലൈയില്‍ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.