ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടു വന്നത് പാകിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന ആരോപണം തിരുത്തിപ്പറഞ്ഞ് ബി.ജെ.പി നേതാവ് രാം മാധവ്.
പാകിസ്ഥാന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ മാസത്തെ പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഇപ്പോള്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു രാം മാധവ് ആദ്യം ട്വീറ്റ് ചെയ്തിരുന്നത്.
രാംമാധവിന്റെ ട്വീറ്റിനോട് ഒമര്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു. തെളിവ് ഹാജരാക്കാന്‍ രാംമാധവിനെ വെല്ലുവിളിക്കുകയാണെന്നും ഇതിനായി റോയും എന്‍.ഐ.എയും ഇന്റലിജന്‍സും സി.ബി.ഐയുമെല്ലാം നിങ്ങളുടെ കൈയിലുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ രാം മാധവ് മാപ്പ് പറയണമെന്നും ഒമര്‍അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു.
ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയുടെ പിന്നാലെയാണ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായ രാംമാധവ് പ്രസ്താവന തിരുത്തിയത്.
താന്‍ ഒമറിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും ഒമറിനെ കുറ്റക്കാരനായി ചിത്രീകരിച്ചില്ലെന്നുമാണ് റാം മാധവ് പറഞ്ഞത്. പെട്ടെന്നുള്ള പി.ഡി.പി-നാഷണല്‍ കോണ്‍ഫറന്‍സ് സ്‌നേഹം കണ്ടപ്പോള്‍ തോന്നിപ്പായതാണെന്നും രാം മാധവ് തിരുത്തിയിട്ടുണ്ട്.