| Monday, 21st December 2015, 11:24 pm

ജെയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസ്: കെജ്‌രിവാളിന് വേണ്ടി രാംജെത്മലാനി ഹാജരാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് അരുണ്‍ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി രാം ജെത്മലാനി ഹാജരാകുമെന്ന് സൂചന. കേസേറ്റെടുക്കുന്നത് സംബന്ധിച്ച് കെജ്‌രിവാളുമായി രാം ജെത്മലാനി ചര്‍ച്ചകള്‍ നടത്തി. 10 കോടി രൂപയുടെ മാനനഷ്ടമാണ് കെജ്‌രിവാളിനും ആപ് നേതാക്കളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, അശുതോഷ്, ദീപക് ബാജ് പേയി എന്നിവര്‍ക്കെതിരെയും ജെയ്റ്റ്്‌ലി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകനായ സിദ്ദാര്‍ഥ് ലൂദ്രയാണ് ജെയ്റ്റ്‌ലിക്ക് വേണ്ടി ഹാജരാവുക.

ബി.ജെ.പി മുന്‍ നേതാവ് കൂടിയാണ് ജെത്മലാനി. രാജസ്ഥാനില്‍ നിന്നുള്ള രാജ്യഭാംഗമായിരുന്ന രാം ജെത്മലാനി പാര്‍ട്ടിവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ 2013ലാണ് ബി.ജെ.പിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. കേസില്‍ ജനുവരി 5നാണ് പാട്യാലഹൗസ് കോടതി കേസില്‍ വാദംകേള്‍ക്കുക.

ജെയ്റ്റ്‌ലി തലപ്പത്തിരിക്കെ ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന അഴിമതി സംബന്ധിച്ച വിവരങ്ങള്‍ മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ കീര്‍ത്തി ആസാദാണ് പുറത്തു വിട്ടത്.

അതേ സമയം മാനനഷ്ടക്കേസ് കൊടുത്ത് തങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിച്ച് നിരപരാധിയെന്ന് തെളിയിക്കുകയാണ് ജെയ്റ്റ്‌ലി ചെയ്യേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more