പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹത്തിനു അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാംഗവും വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്തെ നിയമമന്ത്രിയുമായിരുന്ന രാം ജഠ്മലാനി.
“മോദി ജനങ്ങളെ വഞ്ചിച്ചു. (ബീഹാര്‍ തെരഞ്ഞെടുപ്പില്‍) അദ്ദേഹം തീര്‍ച്ചയായും പരാജയം നേരിടണം. അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കണം.”രാം ജഠ്മലാനി പറഞ്ഞു.
“എനിക്കു വോട്ടുണ്ടായിരുന്നെങ്കില്‍ ഇന്ന് നിതീഷ് കുമാറിനു വേണ്ടി വോട്ടു ചെയ്യുമായിരുന്നു. കാരണം മോദി പരാജയം നേരിടണമെന്നു ഞാന്‍ താല്‍പര്യപ്പെടുന്നു.”
“ബീഹാര്‍ ഒരു തുടക്കമായിരിക്കണം…. അവരെ പരാജയപ്പെടുത്തണം (ബി.ജെ.പി).. അവര്‍ രാം ജഠ്മലാനിയെ വിഡ്ഢിയാക്കി. പക്ഷെ ബീഹാറിലെ ജനങ്ങള്‍ വിഡ്ഢികളാക്കപ്പെടാന്‍ ഇടവരരുത്.” ജഠ്മലാനി പറഞ്ഞു.
“നരേന്ദ്ര മോദിയെ രാജ്യത്തിന്റെ നേതാവാക്കി ഉയര്‍ത്താന്‍ ശ്രമിച്ചതിനു പ്രായശ്ചിത്തം ചെയ്യാനാണ് ഇന്ന് ഞാന്‍ വന്നിരിക്കുന്നത്. ഇന്ത്യയുടെ രക്ഷയ്ക്കായി ദൈവം അയച്ചയാളാണ് അദ്ദേഹമെന്നു ഞാന്‍ കരുതി… അങ്ങനെയാണ് ഞാന്‍ തട്ടിപ്പിനിരയായത്.” അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ യു.പി.എ സര്‍ക്കാറിനോ മോദി സര്‍ക്കാറിനോ കഴിഞ്ഞില്ല. ഇതിന് പി. ചിദംബരവും അരുണ്‍ ജെയ്റ്റ്‌ലിയും ഒരുപോലെ ഒരുപോലെ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
1,50,000 കോടി ഡോളറിന്റെ കള്ളപ്പണം വിദേശത്തുണ്ടെന്ന് ബി.ജെ.പിയുടെ കര്‍മസമിതി കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒരു ഡോളര്‍ പോലും തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്നും ജഠ്മലാനി കുറ്റപ്പെടുത്തി.