മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍
Daily News
മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th October 2016, 9:47 pm

മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയ്, നരസിംഹ റാവു, ചന്ദ്രശേഖര്‍ സിംഗ് എന്നിവരെ അധിക്ഷേപിച്ചുള്ള രാംഗോപാല്‍ ട്വീറ്റാണ് വില്ലന്‍.


മുംബൈ: സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്ക്ക് എന്നും കൂട്ട് വിവാദങ്ങളാണ്. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് മറ്റൊന്നു കൂടി. മൂന്ന് മുന്‍ പ്രധാനമന്ത്രിമാരെ അപമാനിച്ചാണ് രാംഗോപാല്‍ വര്‍മ്മ പുതിയ വിവാദത്തില്‍ തലയിട്ടത്.

മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയ്, നരസിംഹ റാവു, ചന്ദ്രശേഖര്‍ സിംഗ് എന്നിവരെ അധിക്ഷേപിച്ചുള്ള രാംഗോപാല്‍ ട്വീറ്റാണ് വില്ലന്‍.

മുന്‍ പ്രധാനമന്ത്രിമാരും സോണിയ ഗാന്ധിയുമുള്ള ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. പ്രധാനമന്ത്രിമാരെ രൂക്ഷമായി അപമാനിക്കുന്ന തരത്തിലാണിത്.

പ്രധാനമന്ത്രിമാരെ പിന്‍ബെഞ്ചിലിരിക്കുന്നവര്‍, സ്ത്രീകളെ ബഹുമാനിക്കാനറിയാത്തവര്‍, മോശം വ്യക്തികള്‍ എന്നൊക്കെയാണ് രാംഗോപാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ പരസ്പരം തമാശ പറഞ്ഞ് ചിരിക്കുന്ന അടല്‍ ബിഹാരി വാജ്‌പേയ്, നരസിംഹ റാവു, ചന്ദ്രശേഖര്‍ സിംഗ് എന്നിവരുടെ മുന്നിലായി ഇരിക്കുന്ന സോണിയാ ഗാന്ധിയേയും ചിത്രത്തില്‍ കാണാം.

മൂന്ന് പേരും ആരാണെന്ന് അറിയില്ല, പക്ഷെ സ്‌കൂളിലായാലും പാര്‍ലമെന്റിലായാലും പിന്‍ ബെഞ്ചുകാര്‍ മോശക്കാരാണ്. എന്നായിരുന്നു രാം ഗോപാലിന്റെ ആദ്യ ട്വീറ്റ്. അതിലും രൂക്ഷമായിരുന്ന അടുത്തത്, സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഇന്ത്യയിലെ പുരുഷന്മാരുടെ മാനസികാവസ്ഥ പുറത്ത് കൊണ്ടുവരുന്ന ചിത്രമാണിതെന്നും ഇവര്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കണമെന്നുമായിരുന്നു അത്.

മുന്നിലിരിക്കുന്ന കുലീനയായ സ്ത്രീയെക്കുറിച്ച് മോശം കമന്റ് പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് മൂന്ന് പേരും എന്നും രാംഗോപാല്‍ ട്വീറ്റില്‍ പറയുന്നു.