ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ശൈലിയിലെ ഫിലിം മേക്കിങ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. സത്യ എന്ന ചിത്രത്തിലൂടെ അതുവരെ കാണാത്ത തരത്തിലുള്ള ഗ്യാങ്സ്റ്റര്‍ സിനിമ ഇന്ത്യന്‍ സിനിമാലോകത്തിന് സമ്മാനിച്ച രാം ഗോപാല്‍ വര്‍മ ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്നയാളാണ്.
സര്‍ക്കാര്‍, ആഗ്, കമ്പനി തുടങ്ങി മികച്ച ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ആര്‍.ജി.വി കുറച്ച് കാലമായി സംവിധാനരംഗത്ത് സജീവമല്ല. വിവേക് ഒബ്രോയ്, മോഹന്‍ലാല്‍, അജയ് ദേവ്ഗണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍.ജി.വി. സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്പനി. മുംബൈ അധോലോകത്തിലെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു.
ചിത്രത്തില്‍ വീരപ്പള്ളി ശ്രീനിവാസന്‍ എന്ന ഐ.പി.എസ്. ഓഫിസറായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. മോഹന്‍ലാലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് രാം ഗോപാല്‍ വര്‍മ. മോഹന്‍ലാലിനെപ്പോലെ ഒരുപാട് അവാര്‍ഡ് നേടിയ, റെപ്പ്യൂട്ടേഷനുള്ള ഒരു നടനോട് കഥ പറയാന്‍ പോയപ്പോള്‍ താന്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിടാന്‍ തയാറായിരുന്നെന്ന് ആര്‍.ജി.വി. പറഞ്ഞു.
അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഷേഡുകളെക്കുറിച്ചും കഥയിലെ കോംപ്ലിക്കേഷനെക്കുറിച്ചുമൊക്കെയാകും മോഹന്‍ലാല്‍ ചോദിക്കുക എന്നാണ് താന്‍ വിചാരിച്ചതെന്ന് രാം ഗോപാല്‍ വര്‍മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഥയുടെ കുറച്ച് ഭാഗം നരേറ്റ് ചെയ്തപ്പോള്‍ തന്നെ എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ ചോദിച്ചെന്നും അത് തനിക്ക് ആന്റി ക്ലൈമാക്‌സ് പോലെയായെന്നും ആര്‍.ജി.വി പറഞ്ഞു.
മോഹന്‍ലാലില്‍ നിന്ന് മികച്ച പെര്‍ഫോമന്‍സ് കിട്ടാന്‍ വേണ്ടി പല സീനുകളും അഞ്ചും ആറും വട്ടം റീടേക്ക് പോകുമായിരുന്നെന്നും ആര്‍.ജി.വി. കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹത്തിന്റെ ഓരോ ടേക്കും കാണുമ്പോള്‍ ആദ്യത്തെ ടേക്കാണ് ഏറ്റവും മികച്ചതെന്ന് പിന്നീട് മനസിലായെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വലിയ നടന്മാരുടെയടുത്ത് കഥ പറയാന്‍ പോകുന്ന സമയത്ത് ഞാന്‍ ഒരുപാട് പ്രിപ്പെയര്‍ ചെയ്യാറുണ്ട്. അതിപ്പോള്‍ അമിതാഭ് ബച്ചന്‍ സാറായാലും, മോഹന്‍ലാല്‍ സാറായാലും, അജയ് ദേവ്ഗണ്ണായാലാും അങ്ങനെ തന്നെ. അവരുടെയൊക്കെ റെപ്പ്യൂട്ടേഷനെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. കമ്പനിയുടെ കഥ പറയാന്‍ വേണ്ടി ലാല്‍ സാറിനെ കാണാന്‍ വേണ്ടി പോയപ്പോള്‍ ഒരുപാട് ചോദ്യം നേരിടാന്‍ തയാറായാണ് പോയത്.
അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഷേഡും, കഥയിലെ കോംപ്ലിക്കേഷനെക്കുറിച്ചുമൊക്കെ ചോദിക്കാന്‍ സാധ്യതയുണ്ടെന്ന് വിചാരിച്ചു. എന്നാല്‍ കഥയുടെ കുറച്ച് ഭാഗം നരേറ്റ് ചെയ്തപ്പോള്‍ ‘എത്ര ദിവസത്തെ ഡേറ്റാണ് സാര്‍ വേണ്ടത്’ എന്നാണ് ലാല്‍ സാര്‍ ചോദിച്ചത്. എനിക്ക് അതൊരു ആന്റി ക്ലൈമാക്‌സായിരുന്നു.
മറ്റ് നടന്മാരൊന്നും അങ്ങനെ ചോദിക്കാറില്ല. ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തില്‍ നിന്ന് ഏറ്റവും ബെസ്റ്റ് കിട്ടാന്‍ വേണ്ടി പല സീനും അഞ്ചും ആറും ടേക്കൊക്കെ പോകാറുണ്ടായിരുന്നു. എന്നാല്‍ എല്ലാ ടേക്കും നോക്കുമ്പോള്‍ ആദ്യത്തെ ടേക്കാണ് അദ്ദേഹത്തിന്റെ ഏറ്റവും ബെസ്റ്റ്. ക്രാഫ്റ്റിനെപ്പറ്റി അപാരമായ അറിവ് അദ്ദേഹത്തിനുണ്ട്,’ രാം ഗോപാല്‍ വര്‍മ പറഞ്ഞു.
Content Highlight: Ram Gopal Varma shares the memories of Company movie with Mohanlal