ഇന്ത്യന്‍ സിനിമയില്‍ 2022 ല്‍ തരംഗമായ ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. തെന്നിന്ത്യന്‍ സിനിമകളുടെ ആധിപത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു ചിത്രം.
ബോളിവുഡിലെ ചിലര്‍ക്ക് കെ.ജി.എഫ് ചാപ്റ്റര്‍ 2 ഇഷ്ടപ്പെട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഒരു ലോജിക്കുമില്ലാത്ത കെ.ജി.എഫ് പോലെയൊരു സിനിമ സര്‍വ റെക്കോഡുകളും തകര്‍ക്കുന്നതിലുള്ള തന്റെ അത്ഭുതവും രാം ഗോപാല്‍ വര്‍മ പങ്കുവെച്ചു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മയുടെ പ്രതികരണങ്ങള്‍.
‘ബോളിവുഡില്‍ ആര്‍ക്കും കെ.ജി.എഫ് ചാപ്റ്റര്‍ 2 ഇഷ്ടപ്പെട്ടില്ല. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം എന്തുചെയ്യണമെന്ന കണ്‍ഫ്യൂഷനിലാണ് ബോളിവുഡ്.
കെ.ജി.എഫ് ചാപ്റ്റര്‍ 2 അഞ്ച് തവണ കാണാന്‍ ശ്രമിച്ചെന്നും എന്നാല്‍ അര മണിക്കൂര്‍ പോലും കണ്ടിരിക്കാനാവുന്നില്ലെന്നും ബോളിവുഡിലെ ഒരു വലിയ സംവിധായകന്‍ പറഞ്ഞു. അതിന് ശേഷം അയാള്‍ അടുത്ത സിനിമക്കായുള്ള സ്‌ക്രിപ്റ്റ് നോക്കാന്‍ പോയി. ഒരു രംഗത്തെ പറ്റിയുള്ള തര്‍ക്കത്തിനിടയില്‍ ഇത്തരത്തിലൊരു രംഗം കെ.ജി.എഫില്‍ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ എന്ന് അയാളുടെ തിരക്കഥാകൃത്ത് പറഞ്ഞു.
ഹോളിവുഡില്‍ സാധാരണ പറയുന്ന ഒരു കാര്യമുണ്ട്. സിനിമയുടെ കണ്ടന്റിനെ പറ്റി തര്‍ക്കിക്കാം, എന്നാല്‍ സിനിമയുടെ വിജയത്തെ പറ്റി തര്‍ക്കിക്കാനാവില്ല. അതുകൊണ്ട് ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ വിജയത്തെ അവഗണിക്കാനാവില്ല,’ രാംഗോപാല്‍ വര്‍മ പറഞ്ഞു.
ബോളിവുഡിനും മേലെ സഞ്ചരിക്കുന്ന പ്രേതമാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. 70കളില്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ സിനിമകളുടെ സോണിലാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് സിനിമ ഇഷ്ടമായില്ല എന്നല്ല പറയുന്നത്. എനിക്ക് ആ സിനിമയെ വിശേഷിപ്പിക്കാന്‍ ഒരു വാക്ക് കിട്ടുന്നില്ല. വാ പൊളിച്ചിരുന്നാണ് ഞാന്‍ ആ സിനിമ കണ്ടത്, ഇതെന്ത് തേങ്ങയാണ് നടക്കുന്നതെന്ന് ചിന്തിച്ച്,’ രാം ഗോപാല്‍ വര്‍മ പറഞ്ഞു.
കന്നഡ ഭാഷയിലിറങ്ങിയ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററും 2022ലെ ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യന്‍ സിനിമയുമാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം 1100 കോടിയാണ് ലോകമെമ്പാടുനിന്നും നേടിയത്.
Content Highlight: Ram Gopal Varma shared his surprise that a film like KGF, which has no logic, is breaking all records