രാം ഗോപാല്‍ വര്‍മയുടെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് കമ്പനി. ഐ.പി.എസ് വീരപ്പള്ളി ശ്രീനിവാസന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, വിവേക് ??ഒബ്റോയ്, മനീഷ കൊയ്രാള, അന്തര മാലി തുടങ്ങിയവരും അഭിനയിച്ചിരുന്നു.
മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് മാക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമ്പനിയിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ.
വീരപ്പള്ളി ശ്രീനിവാസന്‍ എന്ന ഐ.പി.എസ് കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ പ്രകടനത്തില്‍ തുടക്കത്തില്‍ താന്‍ തൃപ്തനല്ലായിരുന്നുവെന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു. പല സീനുകളിലും തനിക്ക് ലഭിക്കേണ്ടത് കിട്ടാനായി മോഹന്‍ലാലിനെക്കൊണ്ട് നിരവധി ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കമ്പനി എന്ന സിനിമയിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സില്‍ ആദ്യമെനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഥാപാത്രത്തെ കുറിച്ച് ആദ്യം മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആ വേഷത്തെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എത്ര ദിവസം വേണമെന്ന് മാത്രമാണ് എന്നോട് ചോദിച്ചത്.
അദ്ദേഹത്തിന്റെ ആ രീതി എന്നെ അത്ഭുതപ്പെടുത്തി. ആദ്യം അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പിന്നീടാണ് അദ്ദേഹം സ്വാഭാവികമായി അഭിനയിക്കുന്ന ഒരു ആക്ടര്‍ ആണെന്നും ഒരുപാട് പ്രിപ്പയര്‍ ചെയ്ത് അഭിനയിക്കുന്നതിനേക്കാള്‍ മനോഹരമായി അദ്ദേഹം വലിയ തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെ ചെയ്യുമെന്നും മനസിലായത്.
പക്ഷെ ഐ.പി.എസ് വീരപ്പള്ളി ശ്രീനിവാസന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നടത്തിയ പ്രകടനത്തില്‍ ആദ്യമെല്ലാം ഞാന്‍ തൃപ്തനല്ലായിരുന്നു.
സംവിധായകന്‍ ഉദ്ദേശിച്ചത് നടന്‍ നല്‍കുന്നില്ലെന്ന് തോന്നിയതിനാല്‍ മോഹന്‍ലാലിനെക്കൊണ്ട് വീണ്ടും വീണ്ടും ഞാന്‍ ടേക്കുകള്‍ എടുപ്പിച്ചു. എന്നാലും ഏകദേശം ഏഴ് ടേക്കുകള്‍ ഞാന്‍ പരിശോധിച്ചപ്പോള്‍, ആദ്യ ടേക്ക് തന്നെയാണ് ഏറ്റവും മികച്ചതെന്ന് എനിക്ക് മനസിലായി,’ രാം ഗോപാല്‍ വര്‍മ പറയുന്നു.
Content highlight: Ram Gopal Varma says Mohanlal’s performance in Company movie had issues