| Saturday, 20th April 2024, 5:20 pm

'ജയ് ഹോ' കമ്പോസ് ചെയ്തത് റഹ്‌മാനല്ല, വേറൊരാള്‍ ആ പാട്ട് കമ്പോസ് ചെയ്യുന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്: രാം ഗോപാല്‍ വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമക്ക് ഓസ്‌കര്‍ തിളക്കം സമ്മാനിച്ച എ.ആര്‍ റഹ്‌മാന്റെ ജയ് ഹോ എന്ന ഗാനം കമ്പോസ് ചെയ്തത് ഹിന്ദി ഗായകന്‍ സുഖ്‌വീന്ദര്‍ സിങെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. യുവരാജ് എന്ന സിനിമയുടെ ഡിസ്‌കഷന് വേണ്ടി റഹ്‌മാന്റെ സ്റ്റുഡിയോയില്‍ പോയപ്പോള്‍ താനും നിര്‍മാതാവും അത് നേരിട്ട് കണ്ടുവെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘യുവരാജ് എന്ന സിനിമക്ക് വേണ്ടി ഞാനും നിര്‍മാതാവ് സുഭാഷ് ഘായും റഹ്‌മാനെ സമീപിച്ചു. ഒരു മാസം കഴിഞ്ഞിട്ടും ട്യൂണ്‍ ഒന്നും റഹ്‌മാന്‍ അയച്ചുതന്നില്ല. സുഭാഷ് റഹ്‌മാനെ വിളിച്ച് ദേഷ്യപ്പെട്ടു. സല്‍മാന്‍ ഖാന്റെ ഡേറ്റടക്കം കിട്ടിയിട്ടും നിങ്ങള്‍ കാരണം വൈകുകയാണെന്ന് സുഭാഷ് പറഞ്ഞു.

താന്‍ ഇപ്പോള്‍ ലണ്ടനിലാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈയിലെത്തുമെന്നും അവിടെ വെച്ച് ട്യൂണ്‍ തരാമെന്നും റഹ്‌മാന്‍ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ഞാനും സുഭാഷും റഹ്‌മാന്റെ സ്റ്റുഡിയോയിലെത്തി. ആ സമയത്ത് അവിടെ സുഖ്‌വീന്ദര്‍ ഇരുന്ന് ഒരു ട്യൂണ്‍ കമ്പോസ് ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് റഹ്‌മാന്‍ കയറിവന്നു.

വന്ന ഉടനെ റഹ്‌മാന്‍ സുഖ്‌വീന്ദറനോട് ട്യൂണ്‍ ശരിയായോ എന്ന് ചോദിച്ചു. ശരിയായി എന്ന് സുഖ്‌വീന്ദറും പറഞ്ഞു. അപ്പോഴാണ് എനിക്കും സുഭാഷിനും മനസിലായത്, സുഖ്‌വീന്ദര്‍ ഇത്രയും നേരം കമ്പോസ് ചെയ്തത് ഞങ്ങള്‍ക്കു വേണ്ടിയിട്ടുള്ള ട്യൂണാണെന്ന്. സുഭാഷ് വല്ലാതെ ദേഷ്യപ്പെട്ടു. ‘നിങ്ങള്‍ക്ക് ഞാന്‍ പൈസ തരുന്നത് വേറെ ഒരാളെക്കൊണ്ട് കമ്പോസ് ചെയ്യിക്കാനല്ല. നിങ്ങള്‍ കമ്പോസ് ചെയ്യുന്ന ട്യൂണിന് വേണ്ടിയാണ്’ എന്ന് പറഞ്ഞു.

റഹ്‌മാന്‍ ഇതുകേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘നിങ്ങള്‍ പൈസ തരുന്നത് എന്റെ പേരിന് വേണ്ടിയാണ്. ആ പേര് നിങ്ങള്‍ക്ക് ഉപയോഗിക്കാം. അല്ലാതെ ആ പാട്ട് എവിടെനിന്നുണ്ടായി എന്ന് അന്വേഷിക്കാന്‍ വരണ്ട’ എന്ന്. ഈ ട്യൂണ്‍ ഇഷ്ടമായില്ലെങ്കില്‍ വേറെ ഒരെണ്ണം ചെയ്തുതരാമെന്നും റഹ്‌മാന്‍ പറഞ്ഞു. ചുമ്മാ കേട്ടുനോക്കിയിട്ട് ട്യൂണ്‍ ഇഷ്ടമായില്ലെന്ന് സുഭാഷ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ വേറൊരെണ്ണം ചെയ്തുതരാമെന്ന് റഹ്‌മാന്‍ പറഞ്ഞു.

തിരിച്ച് ബോംബൈയിലെത്തിയപ്പോള്‍ സുഭാഷ് സുഖ്‌വീന്ദറിനെ വിളിച്ചിട്ട് അയാളുടെ ട്യൂണ്‍ ഇഷ്ടപ്പെട്ടുവെന്നും റഹ്‌മാനോടുള്ള ദേഷ്യം കാരണമാണ് ഇഷ്ടമായില്ലെന്ന് പറഞ്ഞതെന്നും സുഭാഷ് പറഞ്ഞു. സാരമില്ലെന്ന് സുഖ്‌വീന്ദര്‍ പറഞ്ഞു. ആ ട്യൂണ്‍ എന്ത് ചെയ്തുവെന്ന് സുഭാഷ് അന്വേഷിച്ചപ്പോള്‍ അത് വേറൊരു സിനിമക്ക് കൊടുത്തുവെന്ന് പറഞ്ഞു.

ആ സിനിമയാണ് സ്ലം ഡോഗ് മില്ല്യണയര്‍. ആ പാട്ട് ജയ് ഹോയും. റഹ്‌മാന്‍ പലയിടത്തും അംഗീകരിക്കാറുണ്ട്. ജയ് ഹോ ചെയ്തത് താനല്ലെന്ന്. അത് അയാള്‍ക്കും എനിക്കും നന്നായി അറിയാം,’ രാം ഗോപാല്‍ വര്‍മ പറഞ്ഞു.

Content Highlight: Ram Gopal Varma saying that Jai Ho not composed by A R Rahman

We use cookies to give you the best possible experience. Learn more