ഇന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് മാറ്റത്തിന് വഴിവെച്ച സംവിധായകനായിരുന്നു രാം ഗോപാല്‍ വര്‍മ. ശിവ എന്ന തെലുങ്ക് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ആര്‍.ജി.വി ബോളിവുഡില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും പ്രേക്ഷകര്‍ക്ക് പുതിയൊരു സിനിമാലോകം സമ്മാനിക്കുകയും ചെയ്തു.
സത്യാ, കമ്പനി, സര്‍ക്കാര്‍, രംഗീല തുടങ്ങിയ ചിത്രങ്ങള്‍ ബോളിവുഡിന്റെ ഗതിമാറ്റിയ സിനിമകളായിരുന്നു. എന്നാല്‍ മാറുന്ന കാലത്തിനനുസരിച്ച് ശൈലി മാറ്റാത്തതുകൊണ്ട് ആര്‍.ജി.വി എന്ന സംവിധായകന്റെ പ്രതിഭക്ക് മങ്ങലേറ്റു.
ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സമ്പ്രദായത്തോട് താന്‍ എതിരാണെന്നും, അവിടെ പഠിച്ചിറങ്ങിയവരില്‍ വളരെ കുറച്ചാളുകള്‍ മാത്രമേ മുഖ്യധാരാ സിനിമകളുടെ ഭാഗമായിട്ടുള്ളൂവെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സിനിമയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് അവിടെ പഠിപ്പിക്കാറില്ലെന്നും ഇപ്പോഴും ബാറ്റില്‍ഷിപ്പ് പൊട്ടംകീന്‍ പോലുള്ള പഴയകാല സിനിമകളെക്കുറിച്ച് മാത്രമേ പഠിപ്പിക്കുന്നുള്ളൂവെന്നും രാംഗോപാല്‍ അഭിപ്രായപ്പെട്ടു. കാന്താരാ, കെ.ജി.എഫ് പോലുള്ള സിനിമകളെക്കുറിച്ച് ഫിലിം സ്‌കൂളുകള്‍ പഠിപ്പിക്കണമെന്നും ആര്‍.ജി.വി കൂട്ടിച്ചേര്‍ത്തു.
‘ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സമ്പ്രദായത്തോടു തന്നെ എനിക്ക് യോജിപ്പില്ല. ഒരു പ്രൊഫഷണല്‍ കോഴ്‌സ് എന്ന നിലയിലാണ് അവര്‍ സിനിമയെ സമീപിക്കുന്നത്. ഒരിക്കലും ഫിലിം മേക്കിങിനെ ആ രീതിയില്‍ ആര്‍ക്കും പഠിപ്പിക്കാന്‍ കഴിയില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേര്‍ക്കും മുഖ്യധാരാ സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല.
ഉദാഹരണത്തിന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ എടുക്കാം. അവിടെ പഠിച്ചിറങ്ങിയവരില്‍ വിധു വിനോദ് ചോപ്, രാജ്കുമാര്‍ ഹിരാനി പോലെ കുറച്ച് ആളുകള്‍ മാത്രമേ മുഖ്യധാരാ സിനിമകളുടെ ഭാഗമായിട്ടുള്ളൂ. അതുപോലെ അവിടെ പഠിപ്പിക്കുന്ന സിനിമകളുടെ കാര്യത്തില്‍ ഒട്ടും അപ്‌ഡേഷന്‍ വന്നിട്ടില്ല. കാന്താരാ, കെ.ജി.എഫ് പോലുള്ള സിനിമകള്‍ എങ്ങനെയെടുക്കണമെന്ന് അവിടെ പഠിപ്പിക്കുന്നില്ല.
ഇന്നും ബാറ്റില്‍ഷിപ്പ് പൊട്ടംകീന്‍ പോലുള്ള പഴയകാല സിനിമകളെക്കുറിച്ച് മാത്രമേ പഠിപ്പിക്കുന്നുള്ളു. ഈയടുത്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച രണ്ട് കുട്ടികള്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ എന്നോട് ഫസ്റ്റ് ആക്ട്, സെക്കന്‍ഡ് ആക്ട് പോലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.
ഞാന്‍ അവരോട് അനിമല്‍ എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഈ ഫസ്റ്റ് ആക്ട്, സെക്കന്‍ഡ് ആക്ട് പോലുള്ള സംഗതി അനിമലില്‍ എങ്ങനെയാണ് അപ്ലൈ ആകുന്നതെന്ന് ചോദിച്ചു. അവര്‍ക്ക് ഉത്തരമില്ലായിരുന്നു. ഇതൊക്കെയാണ് ഫിലിം സ്‌കൂളിന്റെ പരാജയം,’ രാം ഗോപാല്‍ വര്‍മ പറഞ്ഞു.
Content Highlight: Ram Gopal Varma saying that Film Institutes are irrelevant in present days