'അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ്'; ശശികലയെ കുറിച്ച് സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ; പുതിയ വിവാദത്തിന് തുടക്കം
indian cinema
'അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ്'; ശശികലയെ കുറിച്ച് സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ; പുതിയ വിവാദത്തിന് തുടക്കം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st November 2020, 8:57 pm

ഹൈദരാബാദ്: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും തോഴി ശശികലയെയും കുറിച്ച് സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ശശികല എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ് (S) എന്ന് പേര് തുടങ്ങുന്ന ഒരു സ്ത്രീയും ഇ (E) എന്ന് പേര് തുടങ്ങുന്ന ഒരു പുരുഷനും ഒരു നേതാവിനോട് എന്താണ് ചെയ്തതെന്നാണ് ഈ സിനിമയെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

ജയലളിതയുടെ പേരിലുള്ള ബയോപിക് ആയ തലൈവി ഇറങ്ങുന്ന അതേ ദിവസം തന്നെ തന്റെ ചിത്രവും റിലീസ് ചെയ്യുമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ് എന്ന തമിഴ് പഴഞ്ചൊല്ലും രാം ഗോപാല്‍ വര്‍മ്മ സിനിമാ പ്രഖ്യാപനത്തിനൊപ്പം പങ്കുവെച്ചു.

എടപ്പടി പളനി സ്വാമി, ശശികല എന്നിവരെ ഉന്നം വെച്ചാണ് ഈ പോസ്റ്റ് എന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നത്. രാകേഷ് റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജയലളിതയും ശശികലയും പളനി സ്വാമിയും തമ്മിലുള്ള നിഗൂഢവും സങ്കീര്‍വുമായ ബന്ധം അവതരിപ്പിക്കുമെന്നും രാം ഗോപാല്‍ ട്വീറ്റ് ചെയ്തു.

ജയലളിതയ്ക്ക് ഒരു മുഖവും ശശികലയ്ക്ക് രണ്ട് മുഖവും പളനിസ്വാമിക്ക് മൂന്ന് മുഖവും ഉണ്ടെന്നും സത്യം ഫെബ്രുവരിയില്‍ പുറത്തെത്തിക്കുമെന്നും മറ്റൊരു ട്വീറ്റില്‍ രാം പറയുന്നു.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയില്‍ ശശികലയെ കുറിച്ച് പറയുന്നില്ലെന്നും അതിനാലാണ് തന്റെ ചിത്രം അതേ ദിവസം റിലീസ് ചെയ്യുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

നേരത്തെ എന്‍.ടി.ആറിനെ കുറിച്ചുള്ള സിനിമ വന്നപ്പോഴും ലക്ഷ്മിസ് എന്‍.ടി.ആര്‍ എന്നൊരു സിനിമ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Ram Gopal Varma announces film about V. K. Sasikala and Jayalalitha ; The beginning of a new controversy