Entertainment
ഭീഷ്മപര്‍വത്തിന്റെയും എന്റെ ആ സിനിമയുടെയും ഓപ്പണിങ് സീന്‍ ഒരുപോലെയാണെന്ന് കേള്‍ക്കുന്നുണ്ട്, അതിനൊരു കാരണമുണ്ട്: രാം ഗോപാല്‍ വര്‍മ

ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ശൈലിയിലെ ഫിലിം മേക്കിങ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. സത്യ എന്ന ചിത്രത്തിലൂടെ അതുവരെ കാണാത്ത തരത്തിലുള്ള ഗ്യാങ്സ്റ്റര്‍ സിനിമ ഇന്ത്യന്‍ സിനിമാലോകത്തിന് സമ്മാനിച്ച രാം ഗോപാല്‍ വര്‍മ ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്നയാളാണ്.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍.ജി.വി സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സര്‍ക്കാര്‍. ഹോളിവുഡ് ക്ലാസിക്കായ ദി ഗോഡ്ഫാദറിന്റെ ഹിന്ദി അഡാപ്‌റ്റേഷനായാണ് സര്‍ക്കാര്‍ ഒരുങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെയും മലയാളചിത്രം ഭീഷ്മപര്‍വത്തിന്റെയും ഓപ്പണിങ് സീനുകള്‍ ഏറെക്കുറെ ഒരുപോലെയാണ്. ഭീഷ്മപര്‍വം താന്‍ കണ്ടിട്ടില്ലെന്നും പലരും ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഗോഡ്ഫാദറിലെ ഓപ്പണിങ് സീനില്‍ തന്റേതായിട്ടുള്ള ക്രിയേറ്റിവിറ്റിയും കഥ നടക്കുന്ന പശ്ചാത്തലത്തിന്റെ ഫ്‌ളേവറും ചേര്‍ത്താണ് സര്‍ക്കാരിന്റെ ഓപ്പണിങ് സീന്‍ ഒരുക്കിയതെന്നും ആര്‍.ജി.വി. കൂട്ടിച്ചേര്‍ത്തു.

ഭീഷ്മപര്‍വവും സര്‍ക്കാരും ഗോഡ്ഫാദറില്‍ നിന്ന് ഇന്‍സ്പയറായി ചെയ്ത സിനിമകളാണെന്നും രണ്ട് സിനിമകളിലും സംവിധായകരുടെ വിഷന് അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവന്നതാണ് പ്രേക്ഷകര്‍ സ്വീകരിക്കാനുള്ള കാരണമെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. എഴുത്തുകാരന്റെ കഴിവാണ് മൂന്ന് സിനിമകളെയും വേറിട്ട് നിര്‍ത്തുന്നതെന്നും ആര്‍.ജി.വി പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു രാം ഗോപാല്‍ വര്‍മ.

‘ഭീഷ്മ പര്‍വം ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ അതിന്റെ ഓപ്പണിങ് സീന്‍ സര്‍ക്കാരുമായി സാമ്യമുള്ളതാണെന്ന് കേള്‍ക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഓപ്പണിങ് സീന്‍ ചെയ്യാന്‍ പ്രചോദനമായത് ഗോഡ്ഫാദറാണ്. ആ സിനിമയുടെ ഓപ്പണിങ് സീനില്‍ എന്റേതായിട്ടുള്ള ക്രിയേറ്റിവിറ്റി ചേര്‍ത്ത് ആ കഥ നടക്കുന്ന പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്.

 

ഭീഷ്മപര്‍വത്തിലായാലും അതേ കാര്യം തന്നെയാകാം ചെയ്തിട്ടുള്ളത്. എല്ലാ സംവിധായകര്‍ക്കും പ്രചോദനമായിട്ടുള്ള ഒരു വര്‍ക്ക് എന്തായാലും ഉണ്ടാകും. അതിനെ അതുപോലെ എടുത്തുവെക്കാതെ ആ കഥാപശ്ചാത്തലത്തിന്റേതായ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ പ്രേക്ഷകര്‍ സ്വീകരിക്കുള്ളൂ. അല്ലെങ്കില്‍ ആവര്‍ത്തന വിരസത തോന്നുമെന്നതില്‍ സംശയമില്ല,’ രാം ഗോപാല്‍ വര്‍മ പറഞ്ഞു.

Content Highlight: Ram Gopal Varma about the opening scene of Bheeshma Parvam and Sarkar movie