ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ശൈലിയിലെ ഫിലിം മേക്കിങ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. സത്യ എന്ന ചിത്രത്തിലൂടെ അതുവരെ കാണാത്ത തരത്തിലുള്ള ഗ്യാങ്സ്റ്റര്‍ സിനിമ ഇന്ത്യന്‍ സിനിമാലോകത്തിന് സമ്മാനിച്ച രാം ഗോപാല്‍ വര്‍മ ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്നയാളാണ്.
സര്‍ക്കാര്‍, രംഗീല, കമ്പനി, ആഗ്, രക്തചരിത്ര തുടങ്ങി നിരവധി ഹിറ്റുകളാണ് രാം ഗോപാല്‍ വര്‍മ അണിയിച്ചൊരുക്കിയത്. രക്ത ചരിത്രക്ക് ശേഷം രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന് ഫോം നഷ്ടമാകുന്ന കാഴ്ചക്കാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ കല്‍ക്കി 2898 എ.ഡിയില്‍ രാം ഗോപാല്‍ വര്‍മ അതിഥിവേഷത്തിലെത്തിയിരുന്നു.
ഇന്ത്യന്‍ സിനിമ ഇപ്പോഴും സ്റ്റാര്‍ ഡ്രിവന്‍ ആണെന്നും ഹോളിവുഡ് ഇന്‍ഡസ്ട്രി 25 വര്‍ഷം മുന്നേ സ്റ്റാര്‍ സിസ്റ്റം എടുത്തുകളഞ്ഞെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഇന്‍സെപ്ഷനില്‍ നിന്ന് ഡി കാപ്രിയോയെയും, ഓപ്പന്‍ഹൈമറില്‍ നിന്ന് കിലിയന്‍ മര്‍ഫിയേയും മാറ്റി വേറെ ഏതെങ്കിലും നടനെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും ആളുകള്‍ സ്വീകരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്‍സെപ്ഷന്‍ എന്ന സിനിമ ഞാന്‍ അഞ്ച് തവണ കണ്ടിട്ടുണ്ട്. അതില്‍ ഡി കാപ്രിയോക്ക് പകരം മറ്റേതെങ്കിലും നടനായിരുന്നെങ്കിലും ഞാന്‍ ഇപ്പോള്‍ കാണുന്നതുപോലെ കണ്ടേനെ. ഓപ്പന്‍ഹൈമറില്‍ കിലിയന്‍ മര്‍ഫിക്ക് പകരം വേറെ ആരെങ്കിലുമാണെങ്കിലും ആ സിനിമ ആളുകള്‍ ഏറ്റെടുത്തേനെ. കാരണം, അവിടെ നടനല്ല പ്രാധാന്യം, സിനിമക്കാണ്.
ഇന്ത്യയില്‍ മാത്രമാണ് ഇപ്പോഴും സ്റ്റാര്‍ സിസ്റ്റം ഫോളോ ചെയ്യുന്നത്. ഓരോ വര്‍ഷവും ഓരോ പുതിയ സ്റ്റാറിനെ ഉണ്ടാക്കുകയാണ് ഇവിടത്തെ സിനിമാപ്രേമികള്‍. എന്തിനാണ് ഇത്രയധികം സ്റ്റാറുകളെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഹോളിവുഡിലും ഈ പറഞ്ഞ സ്റ്റാര്‍ സിസ്റ്റം ഉണ്ടായിരുന്നു. പക്ഷേ 25 കൊല്ലം മുമ്പ് അവര്‍ ആ സിസ്റ്റത്തെ വലിച്ചെറിഞ്ഞു. ഇവിടെ ഇപ്പോഴും തുടര്‍ന്ന് പോകുന്നു,’ രാം ഗോപാല്‍ വര്‍മ പറഞ്ഞു.
Content Highlight: Ram Gopal Varma about star system in Indian cinema