| Wednesday, 24th August 2022, 11:55 pm

ആര്‍.ആര്‍.ആര്‍ സര്‍ക്കസ് കാണുന്ന പ്രതീതിയാണ് തന്നത്: രാംഗോപാല്‍ വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022-ലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍. തിയേറ്ററില്‍ വന്‍വിജയം നേടിയ ചിത്രം ഒ.ടി.ടി റിലീസായതോടെ ലോകശ്രദ്ധ ആകര്‍ഷിച്ചു.

ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രത്തെക്കുറിച്ച് തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.

ആര്‍.ആര്‍.ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണെന്നും. നായകന്മാരായ ജൂനിയര്‍ എന്‍.ടി.ആറും രാംചരണ്‍ തേജയും പ്രൊഫഷണല്‍ ജിംനാസ്റ്റിക് കലാകാരന്മാരായാണ് തോന്നിയതെന്നുമാണ് രാംഗോപാല്‍ വര്‍മ പറഞ്ഞത്. എന്നാല്‍ ചിത്രത്തിലെ തീവണ്ടി അപകട രംഗത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

‘ ചിത്രത്തിലെ തീവണ്ടി അപകട രംഗം മികച്ചതായിരുന്നു. എന്നാല്‍
ആര്‍.ആര്‍.ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണ്. നായകന്മാരായ ജൂനിയര്‍ എന്‍.ടി.ആറും രാംചരണ്‍ തേജയും പ്രൊഫഷണല്‍ ജിംനാസ്റ്റിക് കലാകാരന്മാരായാണ് തോന്നിയത്,’ രാംഗോപാല്‍ വര്‍മ പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളാണ് ആര്‍.ആര്‍.ആറില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ആലിയ ഭട്ട് ആയിരുന്നു നായിക.

ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിച്ചത്. ആഗോള തലത്തില്‍ 1000 കോടിയിലേറെ രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

Content Highlight: Ram Gopal Varma about RRR movie

We use cookies to give you the best possible experience. Learn more