| Thursday, 24th February 2022, 5:43 pm

സ്റ്റീഫന്‍ലുവിനെ കാണാന്‍ എത്തിയ അയ്യപ്പലു; വീഡിയോ പങ്കുവെച്ച് രാംചരണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍ ഹിറ്റായി മാറിയ ‘അയ്യപ്പനും കോശി’യും എന്ന ചിത്രത്തിന്റെ തെലുങ്കു റീമേക്കായ ‘ഭീംല നായക്’ നാളെ റിലീസിനായി തയ്യാറെടുക്കുകയാണ്. ഈ സമയം തെലുങ്കു സൂപ്പര്‍ സ്റ്റാറുകളായ പവന്‍ കല്യാണും ചിരഞ്ജീവിയും സെറ്റില്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് രാം ചരണ്‍ തേജ.

ഭീംല നായകിന്റേയും ‘ഗോഡ്ഫാദറി’ന്റേയും സെറ്റുകള്‍ സന്ദര്‍ശിച്ച് ഇരുവരും പരസ്പരം ഞെട്ടിച്ചിരുന്നു.

‘ഗോഡ്ഫാദറും ഭീംലനായകും പരസ്പരം സിനിമാ സെറ്റുകള്‍ സന്ദര്‍ശിക്കുന്നു!’ എന്ന അടിക്കുറിപ്പോടെയാണ് രാം ചരണ്‍ വീഡിയോ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു റീമേക്കാണ് ഗോഡ്ഫാദര്‍.

നയന്‍താരയാണ് ചിത്രത്തില്‍ നായിക. അതേസമയം ഫെബ്രുവരി 25 ന് റിലീസ് ചെയ്യുന്ന ഭീംല നായകിന് ആശംസയായി കൂടിയാണ് രാം ചരണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

May be an image of 2 people, people standing, tree and outdoors

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക്കും പൃഥ്വിരാജിന്റെ കോശി കുര്യന്‍ ഡാനിയല്‍ ശേഖറുമാവുകയാണ്.

ഭീംല നായക്കായി പവര്‍സ്റ്റര്‍ പവന്‍ കല്യാണും ഡാനിയല്‍ ശേഖറായി റാണ ദഗ്ഗുബാട്ടിയുമാണ് എത്തുന്നത്. മലയാളത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്.

മലയാളി താരമായ സംയുക്തയാണ് റാണയുടെ ഭാര്യയുടെ റോള്‍ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ടോളിവുഡ് അരങ്ങറ്റം കൂടിയാണ് ഭീംല നായക്.

സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.


Content Highlight: ram charan theja shares the video of pavan kallyan visiting chiranjeevi

Latest Stories

We use cookies to give you the best possible experience. Learn more