| Monday, 28th November 2022, 6:03 pm

40 ദിവസം കൊണ്ട് അക്ഷയ് സാമ്രാട്ട് പൃഥ്വിരാജ് തീര്‍ത്തു, ആര്‍.ആര്‍.ആറിലെ ഒരു രംഗം തീര്‍ത്തത് 35 ദിവസം കൊണ്ട്: രാം ചരണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് 40 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയെങ്കില്‍ 35 ദിവസം കൊണ്ടാണ് ആര്‍.ആര്‍.ആറിലെ ഒരു രംഗം ഷൂട്ട് ചെയ്തതെന്ന് രാം ചരണ്‍. രാം ചരണിന്റെ പൊലീസ് കഥാപാത്രം ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ നേരിട്ട രംഗമാണ് 35 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതെന്ന് രാം ചരണ്‍ പറഞ്ഞത്. അക്ഷയ് കുമാര്‍ കൂടി പങ്കെടുത്ത ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച 2022 ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ വെച്ചായിരുന്നു രാം ചരണിന്റെ പ്രതികരണം.

‘ചില സിനിമകള്‍ തീര്‍ക്കാന്‍ ഒരുപാട് ദിവസങ്ങള്‍ വേണ്ടി വരും. അക്ഷയ് സാര്‍ ഒരു സിനിമ 40 ദിവസം കൊണ്ടാണ് തീര്‍ത്തത്. 3000 മുതല്‍ 4000 വരെ ആളുകളെ വെച്ച് 35 ദിവസം കൊണ്ടാണ് ഞങ്ങള്‍ ഒരു സീന്‍ ഷൂട്ട് ചെയ്തത്. എനിക്ക് ചെറുപ്പം മുതലേ പൊടി അലര്‍ജിയാണ്. അതിനുവേണ്ടി ഒരു സര്‍ജറിക്ക് പോലും വിധേയനായിട്ടുണ്ട്. അങ്ങനെയുള്ള എന്റെ വിധി നോക്കൂ. പൊടിയില്‍ 35 ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നു. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് 42 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്,’ രാം ചരണ്‍ പറഞ്ഞു.

കൊവിഡിന് ശേഷം സിനിമകള്‍ വിജയിക്കാത്തതിനെ പറ്റിയും രാം ചരണ്‍ സംസാരിച്ചു. ‘സിനിമ നിര്‍മാണത്തില്‍ ഉടച്ചുവാര്‍ക്കലും ഒരു പുനര്‍വിചിന്തനവും നടത്തേണ്ടതുമുണ്ട്. നല്ല സിനിമകളും നല്ല കഥകളുമാണ് ജനങ്ങളെ തിയേറ്ററുകളിലേക്ക് കൊണ്ടുവരുന്നത്. നാമെല്ലാം ഒരു യൂണിറ്റാണ്. സൗത്തെന്നോ നോര്‍ത്തെന്നോ ഇല്ല. ഇപ്പോള്‍ എല്ലാം ഇന്ത്യന്‍ സിനിമയാണ്.

നമ്മുടെ സിനിമകള്‍ സംസ്ഥാനവും കടന്നുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമകള്‍ ഇപ്പോള്‍ എല്ലായിടത്തും എത്തുന്നത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നുണ്ട്. ഗുജറാത്തിലും ബംഗാളിലുമുള്ള സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യണമെന്നുണ്ട്.

ആരാധകരില്‍ നിന്നും ലഭിക്കുന്ന സ്‌നേഹം വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യുന്നത് മാത്രമല്ല, വലിയ ഉത്തരവാദിത്തം ഞങ്ങളുടെ തോളിലുണ്ട്. സ്റ്റാര്‍ഡം ഒരു ഉത്തരവാദിത്തമാണ്,’ രാം ചരണ്‍ പറഞ്ഞു.

രാം ചരണിന്റെ വാദത്തിന് അക്ഷയ് കുമാര്‍ പരിപാടിയില്‍ മറുപടിയും നല്‍കിയിരുന്നു. ‘ഞങ്ങള്‍ 42 ദിവസം കൊണ്ട് ഒരു സിനിമ ഷൂട്ട് ചെയ്തു. ദിവസവും കൃത്യ സമയത്ത് ഷൂട്ടിന് വരികയും പോവുകയും ചെയ്യും. കൃത്യ സമയത്ത് സിനിമ തീര്‍ത്തു. സാമ്രാട്ട് പൃഥ്വിരാജ് നേരത്തെ റിലീസ് ചെയ്യേണ്ടതായിരുന്നു.
കൊവിഡ് വന്നതുകൊണ്ടാണ് സിനിമയുടെ റിലീസ് ഡേറ്റ് നീണ്ടു പോയത്,’ അക്ഷയ് പറഞ്ഞു.

Content Highlight: Ram Charan said that while Samrat Prithviraj completed it in 40 days, he shot a scene in RRR in 35 days

We use cookies to give you the best possible experience. Learn more