| Thursday, 21st November 2024, 8:22 am

ശബരിമല വ്രതത്തിനിടെ ദര്‍ഗ സന്ദര്‍ശിച്ച് രാംചരണ്‍; വിദ്വേഷ പ്രചാരണവുമായി തീവ്ര ഹിന്ദുത്വവാദികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ രാംചരണിനെതിരെ വിദ്വേഷ പ്രചാരണവുമായി തീവ്ര ഹിന്ദുത്വവാദികള്‍. കഴിഞ്ഞ ദിവസം രാംചരണ്‍ ആന്ധ്രാ പ്രദേശിലെ കടപ്പ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു . എ. ആര്‍ റഹ്‌മാന്റെ ക്ഷണത്തെ തുടര്‍ന്നാണ് രാംചരണ്‍ ദര്‍ഗ സന്ദര്‍ശിച്ചത് എന്നാണ് റിപ്പോര്‍ട്ട്‌. മണ്ഡല മാസത്തോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിന് വേണ്ടി വ്രതത്തിലിരിക്കെയാണ് അദ്ദേഹം കടപ്പ ദര്‍ഗ സന്ദര്‍ശിച്ചത്. കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് ദര്‍ഗയില്‍ പ്രാര്‍ത്ഥിക്കുന്ന രാംചരണിന്റെ ചിത്രം അദ്ദേഹത്തിന്റെ പങ്കാളി ഉപാസന തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.

‘വിശ്വാസം ഒന്നിക്കുന്നു, ഒരിക്കലും വിഭജിക്കുന്നില്ല
ഇന്ത്യന്‍ എന്ന നിലയില്‍, ദൈവത്തിലേക്കുള്ള എല്ലാ പാതകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു ?? നമ്മുടെ ശക്തി ഐക്യത്തിലാണ്.  #OneNationOneSpirit #jaihind
@AlwaysRamCharan സ്വന്തം മതം പിന്തുടരുമ്പോള്‍ മറ്റ് മതങ്ങളെ ബഹുമാനിക്കുന്നു,’ എന്ന കുറിപ്പോടെയാണ് ഉപാസന ചിത്രം പങ്കുവെച്ചത്.

എന്നാല്‍ മതസൗഹാര്‍ദ സന്ദേശങ്ങള്‍ നല്‍കികൊണ്ട് പങ്കുവെച്ച പോസ്റ്റിന് താഴെ വിദ്വേഷപരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

‘വാവര്‍ സ്വാമി കാരണമാണ് മാഡം ആളുകള്‍ സാധാരണയായി അവിടെ പോകുന്നത്… എന്നാല്‍ രേഖകള്‍ പ്രകാരം വാവര്‍ സ്വാമി ഒരു ആദിവാസി ആയിരുന്നു, അദ്ദേഹം ഒരു മുസ്ലിം ആണെന്നതിന് തെളിവില്ല! നന്ദൂരി ശ്രീനിവാസ് ഗാരു വീഡിയോ കാണൂ! അദ്ദേഹം ഇതിനെക്കുറിച്ച് ഗവേഷണം നടത്തി!’ എന്നാണ് മധുലത എന്ന എക്‌സ് യൂസര്‍ കമന്റ് ചെയ്തത്.

‘സ്വാമി ഒരു അല്ലാഹു അല്ല….നിന്റെ ഭര്‍ത്താവ് സ്വാമി മാലയെ അപമാനിച്ചു….ദയവായി നിന്റെ ഭര്‍ത്താവിനോട് പറയൂ ..ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുമ്പോള്‍ അയ്യപ്പ മാല ധരിക്കരുത്….സ്വാമി മാലയില്‍ അയ്യപ്പന്‍ മാത്രമേ ഉള്ളൂ. ദൈവം.. എന്നാല്‍ മാലയിട്ട രാംചരണ്‍ ദര്‍ഗയില്‍ പോയി അള്ളാഹുവിനെ പൂജിക്കുന്നു..ചരണ്‍ അത് ചെയ്യും,’ എന്നാണ് മറ്റൊരു കമന്റ്.

‘മസ്ജിദും ദര്‍ഗയും വ്യത്യസ്തമാണ്. മസ്ജിദ് സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലാക്കാമായിരുന്നു, എന്നാല്‍ ഒരു ദര്‍ഗ സന്ദര്‍ശിക്കുന്നത് എങ്ങനെ? സാവന്‍ എന്ന യൂസറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഈ വ്യാജ ആചാരങ്ങളെല്ലാം നമ്മുടെ വേദങ്ങളിലോ പുരാണങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല… സനാതന ധര്‍മം മാധ്യമ ലേഖനങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല … അടിസ്ഥാനം വേദങ്ങളും പുരാണങ്ങളും ആണ്,’ എന്ന മറ്റൊരാള്‍ കമെന്റ് ചെയ്തു.

‘മാഡം ദയവുചെയ്ത് ആര്‍ സാറിനെ ദോമകൊണ്ടയിലേക്ക് ക്ഷണിച്ച് ശിവാഭിഷേകം ചെയ്യാന്‍ ആവശ്യപ്പെടുക … യഥാര്‍ത്ഥ ഐക്യം എല്ലാവര്‍ക്കും കാണാനാകും? ,’എന്നാണ് മറ്റൊരു പരിഹാസ പ്രതികരണം.

തെലങ്കാന അയ്യപ്പ ജെ.എസി രാംചരണിനോട് പരസ്യമായി മാപ്പ് പറയണമെന്നും എ.ആര്‍ റഹ്‌മാന്റേത് ദുരുദ്ദേശമാണെന്ന് ആരോപിക്കുകയും ചെയ്തു. തിരുപ്പതിയിലോ ശബരിമലയിലോ റഹ്‌മാനും ചരണിനെ അനുഗമിക്കുമോയെന്ന് അവര്‍ ചോദിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ രാംചരണ്‍ മാപ്പുപറയണമെന്നും ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ പോസ്റ്റിനെ അനുകൂലിച്ചുള്ള കമന്റുകള്‍ വിരളമായാണ് കാണാന്‍ കഴിയുന്നത്.

Content Highlight: Ram Charan’s wife Upasana reacts after actor is criticised for visiting dargah

We use cookies to give you the best possible experience. Learn more