| Friday, 29th July 2022, 8:29 am

ജെയിംസ് ബോണ്ട് ആകാന്‍ രാംചരണ്‍ അര്‍ഹന്‍; ഹോളിവുഡ് എഴുത്തുകാരന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും അഭിനയിച്ച ആര്‍.ആര്‍.ആര്‍ വലിയ വിജയമായിരുന്നു.

2022 മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സകല കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്താണ് തിയേറ്റര്‍ വിട്ടത്. പിന്നീട് നെറ്റ്ഫ്‌ലിക്സിലൂടെയും ചിത്രത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.

ഇന്ത്യക്ക് പുറത്ത് ചിത്രം ഏറെ ചര്‍ച്ചയാവുകയും ചെയ്തതാണ്. ഹോളിവുഡ് സംവിധായകരും, സാങ്കേതിക പ്രവര്‍ത്തകരും ഒക്കെ ചിത്രത്തെയും സിനിമയിലെ താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ മാര്‍വലിന്റെ പ്രശസ്ത സീരിസായ ലുക്ക് കേജിന്റെ എഴുത്തുകാരനായ ചിയോ ഹോദാരി കോക്കറും ആര്‍.ആര്‍.ആറിലെ പ്രകടനം വെച്ച് രാം ചരണിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.

അടുത്ത ജെയിംസ് ബോണ്ട് ആകാന്‍ അര്‍ഹരെന്ന് തോന്നുന്നവരുടെ ലിസ്റ്റിലേക്കാണ് ചിയോ രാം ചരണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റ് നാല് ഹോളിവുഡ് നടന്മാര്‍ക്ക് ഒപ്പമാണ് ചിയോ രാം ചരണിന്റെയും പേര് പറഞ്ഞത്. എന്റെ അഭിപ്രായത്തില്‍ ജെയിംസ് ബോണ്ട് ആകാന്‍ ഉചിതമായ ആളുകള്‍ ഇവരാണ് എന്നാണ് ചിയോ ട്വീറ്റ് ചെയ്തത്.

എന്തായാലും ചിയോയുടെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്ത്യന്‍ സിനിമക്കും താരങ്ങള്‍ക്കും ഇത്തരത്തില്‍ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷം പങ്കുവച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. ചിയോയുടെ ട്വീറ്റിന് നന്ദി അറിയിച്ചും നിരവധി പേരാണ് എത്തുന്നത്.

അതേസമയം അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളാണ് ആര്‍.ആര്‍.ആറില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ആലിയ ഭട്ട് ആയിരുന്നു നായിക.

ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിച്ചത്.

നേരത്തെ ഹോളിവുഡ് നടനും തിരക്കഥാകൃത്തുമായ പാറ്റണ്‍ ഒസ്വാള്‍ട്ട് ചിത്രം പരമാവധി ഐമാക്സ് ഫോര്‍മാറ്റില്‍ തന്നെ കാണണമെന്ന് ആരാധകരോട് റെക്കമന്‍ഡ് ചെയ്തിരുന്നു.

‘ആര്‍.ആര്‍.ആര്‍ നിങ്ങളുടെ അടുത്തുള്ള ഐമാക്സില്‍ പ്ലേ ചെയ്യുന്നില്ലെങ്കില്‍ വേഗം നെറ്റ്ഫ്ളിക്സില്‍ കാണൂ. ഇത് വല്ലാത്തൊരു അനുഭവമാണ്,’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ്. ചെയ്തത്.

ഹോളിവുഡ് സംവിധായകനായ ജോര്‍ജ് ഗുട്ടറസും ചിത്രത്തെ അഭിനന്ദിച്ച് എത്തിയ മറ്റൊരാളാണ്. അദ്ദേഹത്തിന്റെ 84 വയസുള്ള അച്ഛനെയും സിനിമ കാണിച്ചു എന്നും അദ്ദേഹത്തിനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു എന്നുമായിരുന്നു ഗുട്ടറസ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. ഹോളിവുഡിലെ പ്രശസ്ത ആനിമേറ്ററായ ജോര്‍ജ് ഗുട്ടറസ് ദി ബുക്ക് ഓഫ് ലൈഫ് , ഗാര്‍ഡിയന്‍ ഓഫ് ഓസ് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Content Highlight :  Ram Charan is ideal to become next James Bond says Marvel’s Luke Cage creator Cheo Hodari Coker

We use cookies to give you the best possible experience. Learn more