'ഹൃദയം വേദനിക്കുന്നു..' വയനാടിനായി ഒരു കോടി രൂപ നല്‍കി ചിരഞ്ജീവിയും രാം ചരണും
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരന്തബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ താനും മകന്‍ രാം ചരണും നല്‍കുമെന്ന് പ്രഖ്യാപിച്ച് ചിരഞ്ജീവി. എക്‌സിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ നടന്ന പ്രകൃതി ക്ഷോഭം മൂലം നൂറുകണക്കിന് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. അതില്‍ അഗാധമായ വിഷമമുണ്ട്. വയനാട് ദുരന്തത്തില്‍ ഇരയായവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നു.
ദുരിതബാധിതര്‍ക്കുള്ള പിന്തുണയായി ഞാനും ചരണും ചേര്‍ന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുകയാണ്. വേദനിക്കുന്ന എല്ലാവരും വേഗം തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ ചിരഞ്ജീവി എക്‌സില്‍ കുറിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ആറ് ദിവസം പിന്നിടുമ്പോള്‍ സിനിമാ താരങ്ങളായ നിരവധി ആളുകളാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി വന്നിട്ടുള്ളത്. ഇന്ന് നടന്‍ അല്ലു അര്‍ജുന്‍ വയനാടിനായി 25 ലക്ഷം രൂപ നല്‍കിയിരുന്നു.
അതേസമയം, ആറാം ദിവസവും തിരച്ചില്‍ തുടരുകയാണ്. വിവിധ ഫോഴ്‌സുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ 1200ലധികം ആളുകളാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുന്നത്. അതേസമയം ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് ഇപ്പോഴും കേന്ദ്രം അനുകൂല തീരുമാനമെടുത്തിട്ടില്ല. ദുരന്തമുണ്ടായ ഘട്ടം മുതല്‍ കേരളവും പ്രതിപക്ഷ കക്ഷികളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രം അതിന് തയ്യാറായിട്ടില്ല. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Ram Charan And Chiranjeevi Donate 1 Crore For Wayanad Landslide