| Sunday, 23rd June 2024, 12:54 pm

റാം c/o ആനന്ദി; ഒരു അണ്‍പോപ്പുലര്‍ അഭിപ്രായം

ഷബ്‌നം ടി.പി.

പുസ്തകം എത്രത്തോളം വിപണിയില്‍ വില്‍ക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യപ്പെട്ടു എന്നതിനേക്കാള്‍ പ്രധാനമാണ് പുസ്തകത്താല്‍ വായനക്കാര്‍ എത്രമേല്‍ ബാധിക്കപ്പെട്ടുവെന്നുള്ളത്. റാം c/o ആനന്ദി വളരെ പ്രാധാന്യമേറിയ ചില സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. ആ ഒരു പശ്ചാത്തലത്തില്‍, സമൂഹത്തില്‍ എന്ത് സ്വാധീനമാണ് പുസ്തകം ചെലുത്തുന്നതെന്ന് വിശകലനം ചെയ്യേണ്ടതുമുണ്ട്.

സൗഹൃദത്തെയും പ്രണയത്തെയും, ബന്ധങ്ങളുടെ കരുതലിനെയും അടിസ്ഥാനമാക്കി ‘ഫീല്‍ ഗുഡ് ‘ തലത്തിലുള്ള പ്രശംസകള്‍ക്ക് പുസ്തകം അര്‍ഹമായിട്ടുണ്ടെങ്കിലും ഈ നോവല്‍ സമൂഹത്തില്‍ എന്ത് ഇടപെടലാണ് നടത്തുന്നതെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ഏകദേശം 42 പതിപ്പുകളോളം നിലവില്‍ പുറത്തിറങ്ങിയ പുസ്തകം യുവതലമുറ ഉള്‍പ്പടെ ധാരാളം ആളുകളാല്‍ വായിക്കപ്പെട്ടു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആഖ്യാനത്തിലെയോ ഭാഷയിലെയോ സൗന്ദര്യാത്മകത കൊണ്ടോ പുതുമ കൊണ്ടോ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയല്ല റാം c/o ആനന്ദി.

തുടക്കത്തില്‍ വലിയ വില്പന നടന്നില്ലെങ്കിലും പിന്നീട് വലിയ രീതിയില്‍ നോവല്‍ വിറ്റഴിക്കപ്പെട്ടു.

സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗുകള്‍ നോവലിന്റെ വിറ്റഴിക്കലിന് കാര്യമായി സംഭാവന ചെയ്തുവെന്നാന്ന് കരുതപ്പെടുന്നത്. പൊതു സമൂഹം എളുപ്പത്തില്‍ ഏറ്റെടുക്കുന്നതെന്തും സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരം സ്വീകാര്യത പൊതു സമൂഹത്തോട് മല്ലിട്ടു കൊണ്ട് നേടുന്നതാണോ, അതല്ല പൊതു സമൂഹത്തിന് സ്വീകാര്യമായത് നല്‍കാന്‍ തയ്യാറാകുന്നത് കൊണ്ട് സംഭവിക്കുന്നതാണോ എന്നത് പ്രധാനമാണ്.

തലമുറകള്‍ക്കിടയിലെ സദാചാര മൂല്യ സങ്കല്പങ്ങളില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അധികരിച്ച്, യുവ തലമുറ എങ്ങനെ ഇന്നലെയുടെ അസ്വസ്ഥകളെ ഇന്നിന്റെ വൈവിധ്യമായി അനായാസേന ഉള്‍ക്കൊള്ളുന്നവെന്ന് നോവലില്‍ ആവിഷ്‌ക്കരിക്കുന്നതിനെ പ്രകീര്‍ത്തിച്ചിട്ടുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ അനായാസ അവതരണം സാമൂഹിക വിഷയങ്ങളെ കേന്ദ്രീകരിച്ചാകുമ്പോള്‍ അത് പരിശോധിക്കേണ്ടി വരും.

സങ്കീര്‍ണമായ ധാരാളം കഥാപാത്രസൃഷ്ടികളോ അതിലൂടെ സാധ്യമാകുന്ന ധൈഷണിക ചര്‍ച്ചകളോ ഒന്നും എഴുത്തുകാരന്‍ നോവലിന്റെ ഭാഗമാക്കുന്നില്ല. സംഭാഷണ ശകലങ്ങളും സന്ദര്‍ഭങ്ങളുടെ വിവരണവുമാണ് പുസ്തകം. ആ ഒരു ഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ട് വര്‍ത്തമാന സാമൂഹ്യ പരിസരത്തെ നോവല്‍ അഭിമുഖീകരിക്കുന്നുണ്ട്.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങളും അന്യവല്ക്കരണവും, ദേശ- രാഷ്ട്ര അധികാര ക്രമത്തിനകത്ത് പൗരത്വ സംരക്ഷണമില്ലാതെ അഭയാര്‍ത്ഥികളാകുന്നവരുടെ ഇച്ഛകള്‍ തുടങ്ങിയവയൊക്കെ പുസ്തകത്തിന്റെ ആഖ്യാന വിഷയങ്ങളാകുന്ന സാമൂഹിക വിഷയങ്ങളാണ്.

വ്യക്തികേന്ദ്രീകൃതമായ ഒരു നോവലെന്ന് പറയാനാകില്ലെങ്കിലും വ്യക്തി തലങ്ങളില്‍ നിന്ന് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിപാദിക്കുന്ന രീതിയാണ് നോവല്‍ പിന്തുടരുന്നത്. മല്ലിയുടെയും ആനന്ദിയുടെയും കഥ അവതരിപ്പിക്കുന്നതിലൂടെ നോവലിന് അത്തരമൊരു സ്വഭാവമാണ് കൈവരുന്നത്.

ത്രില്ലര്‍ – സര്‍പ്രൈസ് സ്വഭാവത്തോടു കൂടിയാണ് നോവലിലെ പല സന്ദര്‍ഭങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ചില മലയാള സിനിമാ രംഗങ്ങളെ ഓര്‍മ്മിക്കുന്ന വിധത്തിലാണ് അതില്‍ ചിലത്. ചരിത്രവര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് അത്തരത്തില്‍ കാര്യങ്ങളെ സമീപിക്കുന്നത് വിഷയങ്ങളെ ലഘൂകരിക്കലാവും.

ദ്വന്ദങ്ങളില്‍ അകപ്പെട്ട്, മേധാവിത്വ പൊതുബോധ നിര്‍മ്മിതിക്കകത്ത് നിന്ന് കൊണ്ട്, ലളിത യുക്തിയാല്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത പരിസരത്തെ അഭിസംബോധന ചെയ്യാനും സാധിക്കില്ല.

അധികാര – സാമൂഹിക വ്യവസ്ഥ തന്നെ പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങളാണ് നോവലില്‍ പലയിടത്തും പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, വ്യക്തിതലത്തിലെ അതിന്റെ ഉന്മൂലനങ്ങളും അതോടനുബന്ധിച്ച ആവേശവും സങ്കീര്‍ണമായി പ്രശ്‌നത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ വായനക്കാരെ പ്രേരിപ്പിക്കണമെന്നില്ല.

അഖില്‍ പി. ധര്‍മജന്‍

നോവലിന്റെ വായനയ്ക്കു ശേഷം വായനക്കാരിലേക്ക്, ദേശ- രാഷ്ട്ര വ്യവസ്ഥ മൂലം പുറം തള്ളപ്പെടുന്ന ജനത നേരിടുന്ന ദുരിതത്തിന്റെ രാഷ്ട്രീയത്തിലേക്കും, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലുള്ള അതിന്റെ വായനയിലേക്കുമുള്ള ജാലകം തുറക്കുന്നുണ്ടോ എന്നുള്ളതും സംശയാസ്പദമാണ്.

സാമൂഹിക വിഷയങ്ങള്‍ പ്രമേയമായി വരുന്ന പുസ്തങ്ങള്‍ അസ്വസ്ഥതകള്‍ കൂടി ഉത്പാദിപ്പിച്ച് ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിക്കാറുണ്ട്.

അസ്വസ്ഥകളില്‍ നിന്നുള്ള ചിന്തകളും ചര്‍ച്ചകളും മാറ്റത്തിനുള്ള പരിശ്രമത്തിന്റെ ഭാഗമായിരിക്കും. ഉദാഹരണത്തിന്, ആനന്ദിയുടെ ദീര്‍ഘ സംസാരമായാണ് ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥി ചരിത്രവും, അവര്‍ നേരിട്ട അതിക്രമങ്ങളും പാലായനവും നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.

ആ ഭാഗത്ത്, ആനന്ദിയും അവരുടെ അമ്മയും നേരിടുന്ന ലൈംഗിക അതിക്രമത്തെ സൂചിപ്പിക്കുന്നുണ്ട്. യോനിയില്‍ തോക്ക് കയറ്റി വെടിവെച്ചാണ് ആനന്ദിയുടെ അമ്മയെ കൊല്ലുന്നതെന്ന് ആനന്ദി പറയുന്നുണ്ട്. ശ്രീലങ്കയിലെ തമിഴ് സ്ത്രീകള്‍ അക്കാലത്ത് അനുഭവിച്ച ഭയങ്കരമായ അതിക്രമം ഈ വരിയില്‍ നിഴലിക്കുന്നുണ്ട്.

അധികാര വ്യവസ്ഥയും സ്ഥാപനവല്ക്കരിക്കപ്പെട്ട അതിന്റെ വിവിധ ശാഖകളും തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തില്‍ പല തരത്തില്‍ പങ്കുച്ചേരുന്നുണ്ട്. ഏകാധിപത്യത്തിലും യുദ്ധത്തിലും അക്രമണങ്ങളിലും സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നത് വസ്തുതയാണ്. മണിപ്പൂരില്‍ സംഭവിച്ചത് ഇന്ത്യയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്.

ആ അര്‍ത്ഥത്തില്‍ നോവല്‍ സമൂഹത്തെ ചിന്തിപ്പിക്കാന്‍ ശേഷി നേടുമ്പോഴാണ് കാലത്തോടും പ്രമേയത്തോടും തന്നെ നോവലിന് നീതി പുലര്‍ത്താനാവുക. വായന അനുഭൂതിയില്‍ നിന്നും ഉയര്‍ന്ന് സാമൂഹ്യ പ്രര്‍ത്തനമാകുന്നതും അപ്പോഴായിരിക്കും.

വ്യവസ്ഥയില്‍ തന്നെ അന്തര്‍ലീനമായിരിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരികേണ്ടത് പ്രധാനമാണ്. അതിനു പകരം വാണിജ്യ സിനിമകളില്‍ കാണുന്ന രീതിയിലുള്ള പ്രശ്‌ന പരിഹാരം നടത്തുന്നത്, തുടങ്ങി വെച്ച ചര്‍ച്ചകള്‍ തുടര്‍ ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നതിലേക്കാണ് നയിക്കുക.

ഭാവാനാത്മകതയ്ക്കുമപ്പുറമുള്ള അതിശയോക്തിയുടെ സാന്നിധ്യമാണ് നോവലിലെ അതിജീവന പ്രതികാര സന്ദര്‍ഭങ്ങളിലൊക്കെയും കാണാന്‍ സാധിക്കുക. മല്ലിയുടെ കൊലപാതകത്തിന്റെ പ്രതികാരമായി പോലീസുകാരനെ അതിക്രമിച്ച് ശുഭപര്യവസാനമുറപ്പിക്കുന്നത് ആ ഒരു രീതിയിലാണ്.

നന്മയുടെയും നീതിയുടെയും പ്രതീകമായാണ് റാം എന്ന കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. ക്രൂരനായ പോലീസുകാരന്‍ ഫറൂഖ്, മുസ്ലീം പേരുള്ള നോവലിലെ ഒരേ ഒരു കഥാപാത്രമാണ്. സിനിമയില്‍ കണ്ട് ശീലിച്ചതുപോലെ വില്ലന്‍ ഒടുവില്‍ അക്രമിക്കപ്പെടുന്നതും അത്തരത്തിലുള്ള കാര്യങ്ങളാണ്.

മലയാളി പണ്ടു മുതലെ കണ്ടു ശീലിച്ചതും വിധേയപ്പെട്ടതുമായ കാഴ്ച്ചാ ശീലത്തിന്റെ തുടര്‍ച്ചയായി മാറുന്നുണ്ട് നോവല്‍.

വ്യക്തമായ വിവരങ്ങളുടെ അപര്യാപ്തത മൂലം, മല്ലി എന്ന കഥാപാത്രസൃഷ്ടിയുടെ അവതരണത്തില്‍ ചില പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കാളിദാസ് എന്ന കഥാപാത്രം മല്ലി ആവാനുള്ള കാരണമായി അവതരിപ്പിക്കുന്നത് ചെറുപ്പ കാലത്ത് നിരന്തരം നേരിട്ട ലൈംഗിക അതിക്രമങ്ങളാണ്.

പിന്നീട് കൂട്ടമായി ബലാത്സംഗം ചെയ്യപ്പെടുകയും തുടര്‍ന്ന് നഗരത്തിലെ തെരുവ് ജീവിത പരിതസ്ഥിതിയിലേക്ക് എത്തിച്ചേരുന്നതുമായാണ് കഥാപാത്രത്തെ നോവലിസ്റ്റ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. വീട്ടിലേക്ക് പോകാനൊരുങ്ങുന്ന മല്ലിയെ പിരിയുന്ന സന്ദര്‍ഭത്തില്‍ റാം അഭിസംബോധന ചെയ്യുന്നത് കാളിദാസെന്നാണ്. കുറച്ചു കൂടെ ആഴത്തിലുള്ള കഥാപാത്രവിവരണം ഉചിതമായേനേ.

രാഷ്ട്രീയ-അധികാര മണ്ഡലങ്ങളോടുള്ള ഏറ്റുമുട്ടലില്‍, ആനന്ദി ആര്‍ജിച്ചെടുക്കുന്ന കായിക ബലം ഏതാണ്ട് അപ്രസക്തമാണ്. വ്യക്തിയുടെ ശാരീരിക ബലങ്ങള്‍ക്ക് പുറത്താണ് വ്യവസ്ഥയുടെ അധികാരം. സ്ത്രീകള്‍ കായികമായി ശക്തിയാര്‍ജിക്കുമ്പോഴോ, പൊതുവില്‍ പൗരുഷമെന്നോ അല്ലെങ്കില്‍ അക്രമിക സ്വാഭാവമെന്നോ വിവരിക്കാനുതകുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുമ്പോഴാണ് ശാക്തീകരണം സംഭവിക്കുന്നതെന്ന് കരുതുകയും അതിനെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു പ്രവണത സമൂഹത്തിലും കലയിലുമുണ്ട്.

വ്യക്തിതലങ്ങളിലുള്ള സാധ്യതകളൊന്നും അന്യമാകേണ്ടതില്ലെങ്കിലും, കാലങ്ങളായുള്ള അധികാര ബന്ധങ്ങളുടെ തുടര്‍ച്ചയായി ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്, അക്രമണങ്ങള്‍ കൊണ്ട് മാത്രം പരിഹാരം കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പുറം താള്‍ കുറിപ്പില്‍ തന്നെ സിനിമാറ്റിക് നോവലെന്ന് വിശേഷിപ്പിച്ചിട്ടുള്ള നോവലാണ് അഖില്‍ പി ധര്‍മ്മജന്റ റാം c/o ആനന്ദി. വളരെ ലളിതമായ ഭാഷയില്‍ വളരെ ലളിതമായി തന്നെ കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിക്കുക എന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്ന ശൈലി.

എന്നാല്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളെ ഒരു വാണിജ്യ സിനിമാ രീതിയില്‍, അതിന്റെ സങ്കീര്‍ണതകളില്‍ നിന്ന് അടര്‍ത്തി മാറ്റി പരിശോധിക്കുമ്പോള്‍, സമൂഹത്തിലിത് എന്താണ് ഉത്പാദിപ്പിക്കുക എന്നത് പ്രധാനമാണ്. താല്ക്കാലിക ആസ്വാദനത്തിനും വൈകാരികതയ്ക്കുമപ്പുറം നോവല്‍ നമ്മെ അസ്വസ്ഥരാക്കാന്‍ ഉള്‍ക്കാമ്പുള്ളതാകേണ്ടതുണ്ട്.

എഴുതപ്പെട്ടതും വായിക്കപ്പെട്ടതുമായ അക്ഷരങ്ങള്‍ സമൂഹത്തെ ഉറപ്പായും സ്വാധീനിക്കും.

സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്, സമൂഹത്തെ ഉത്പാദിപ്പിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നതില്‍ പങ്കുണ്ട്. മാറി വരുന്ന മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക പ്രവണതകള്‍ ഈ പുസ്തകത്തിന്റെ പ്രചരണത്തിലും ആഖ്യാനത്തിലും കൊണ്ടാടപ്പെടലിലും പ്രകടമാണ്.

സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ, നീതി – അനീതി പ്രശ്‌നങ്ങളെ പ്രതികാരത്തിന്റെയും അക്രമണത്തിന്റെയും കാഴ്ച്ചയില്‍ അവതരിപ്പിച്ച് പരിഹരിക്കുമ്പോള്‍, വായനക്കാരുടെ ആലോചനയ്ക്ക് എന്താണ് നോവല്‍ ബാക്കി വെക്കുന്നത് എന്നതൊരു ചോദ്യമാണ്.

content highlights: Ram c/o Anandhi; An Unpopular Opinion-Book Review

ഷബ്‌നം ടി.പി.

കോഴിക്കോട് പയ്യോളി സ്വദേശി, സി.ഡി.എസ്. ഗവേഷക

We use cookies to give you the best possible experience. Learn more