ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ റാലി; 5,000ത്തോളം പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
World News
ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ റാലി; 5,000ത്തോളം പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2024, 10:59 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധം തടയാന്‍ വേണ്ടി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ഹൈവേകള്‍ ഉപരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധക്കാരെ നേരിടുന്നതിനായി ആയിരക്കണക്കിന് പൊലീസുകാരെയും അര്‍ദ്ധസൈനിക വിഭാഗത്തേയും ഇസ്‌ലാമാബാദില്‍ വിന്യസിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ഇസ്‌ലാമാബാദില്‍ രണ്ട് ദിവസമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

നൂറില്‍പ്പരം കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍ ജയിലിലാണ്. അദ്ദേഹം തന്നെയാണ് തന്റെ മോചനത്തിനായും ജുഡീഷ്യറിയുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കാന്‍ ഇസ്‌ലാമാബാദിലെ തെരുവുകളിലേക്ക് ഇറങ്ങാന്‍ അണികളോട് ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ ഭരണഘടനയിലുമുള്ള സമീപകാല മാറ്റങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടിരുന്നു.

തന്നെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ടി സൈന്യവും ഭരണപക്ഷവും നടത്തിയ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് തന്റെ പേരിലുള്ള കുറ്റങ്ങളെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.

അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) സ്വതന്ത്രമായി മത്സരിച്ച് ഭൂരിപക്ഷം നേടിയെങ്കിലും അന്നത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ നീക്കത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. അതിനാല്‍ തന്നെ നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രതിഷേധത്തിന്റ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് ഇസ്‌ലാമാബാദിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഇസ്‌ലാമാബാദിലേക്കുള്ള മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകവും ബാറ്റണ്‍ ചാര്‍ജും പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇമ്രാന്‍ ഖാന്റെ ശക്തികേന്ദ്രമായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നിന്ന് 5,000ത്തിലധികം പ്രതിഷേധക്കാരും നേതാക്കളും ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അതേസമയം പി.ടി.ഐ അനുകൂലികള്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ജയില്‍ മോചിതയായ ഖാന്റെ ഭാര്യ ബിശ്ര ബീബിയും മാര്‍ച്ചില്‍ പങ്കെടുത്തു.

Content Highlight: Rally in Pakistan demanding the release of Imran Khan; reported that around 5,000 people have been arrested