ന്യൂദല്‍ഹി: രാജ്യത്തെമ്പാടുമുള്ള നദികളെ സംരക്ഷിക്കാന്‍ ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് നടത്തുന്ന ഇന്ത്യന്‍ പര്യടനം ഗുരുതര പരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍. കന്യാകുമാരി മുതല്‍ ഹിമാലയം വരെ കാറിലാണ് പരിസ്ഥിതി സന്ദേശമുയര്‍ത്തി സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ഭാരതപര്യടനമായ റാലി ഫോര്‍ റിവര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ-സിനിമാ-സാസ്‌കാരിക രംഗത്തുള്ള നിരവധിപേര്‍ റാലി ഫോര്‍ റിവറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സദ്ഗുരുവിന്റെ റാലിയ്ക്ക് പിന്തുണയേകി. പിണറായി വിജയന്‍ റാലിയുടെ പോസ്റ്ററേന്തിയ ചിത്രം ജഗ്ഗി വാസുദേവ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ നദിസംരക്ഷണത്തിനായി സദ്ഗുരു തിരഞ്ഞെടുത്ത മാര്‍ഗം തെറ്റായിപ്പോയെന്നാണ് പരിസ്ഥിതി സംരക്ഷണമേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം. കന്യാകുമാരി മുതല്‍ ഹിമാലയം വരെ ജഗ്ഗി വാസുദേവ് സഞ്ചരിക്കുന്നത് മെര്‍സിഡേഴ്‌സ് എ.എം.ജി ജി63 എസ്യുവി ജീപ്പിലാണ്.
ഇത് പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പ്രകൃതിയ്ക്ക് ഹാനികരമാണെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജഗ്ഗി വാസുദേവിന്റെ വാഹനത്തെ 20 മഹീന്ദ്ര എക്‌സ്.യു.വി കാറുകളും അനുഗമിക്കുന്നുണ്ട്. ഇവയെല്ലാം പുറംതള്ളുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുമെന്നും എട്ട് ലക്ഷം മരങ്ങള്‍ റാലിയുണ്ടാക്കുന്ന മലിനീകരണത്തെ അതിജീവിക്കാന്‍ വേണ്ടിവരുമെന്നും ക്വിന്റ് പറയുന്നു.
ജഗ്ഗി വാസുദേവ് തെരഞ്ഞെടുത്ത വാഹനം ഏറ്റവും കുറഞ്ഞ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലൊന്നാണ്. 322 ഗ്രം കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഒരു കിലോമീറ്ററില്‍ ഈ വാഹനം പുറത്തുവിടുന്നത്. 7000 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ 2254 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് വാഹനം പുറത്തുവിടുന്നത്.
വെറും 12 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഒരു മരം ഒരു വര്‍ഷം വലിച്ചെടുക്കുക എന്നിരിക്കെ ജഗ്ഗി വാസുദേവിന്റെ യാത്ര കഴിയുമ്പോഴേയ്ക്ക് 7,95,454 മരങ്ങള്‍ നടേണ്ടിവരും. റാലി സ്‌പോണ്‍സര്‍ ചെയ്യുന്ന അദാനി ഗ്രൂപ്പ് നിരവധി പാരിസ്ഥിതിക കേസുകളില്‍ വിവാദത്തില്‍പ്പെട്ടവരാണെന്ന് പരിസ്ഥിതി പ്രവര്‍ത്തന രംഗത്തെ വിദഗ്ദ്ധനായ നിത്യാനന്ദ ജയരാമന്‍ സാക്ഷ്യപ്പെടുത്തുന്നു.
പച്ച പെയിന്റടിച്ച കാറുകള്‍ക്ക് പുറമേ സ്‌പോണര്‍സര്‍മാരുടെ നീണ്ട പട്ടികയും റാലിയുടെ സവിശേഷതയാണ്. അദാനി ഗ്രൂപ്പിനു പുറമെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങള്‍, പിവിആര്‍, അപ്പോളോ, മഹീന്ദ്ര തുടങ്ങിയ വ്യവസായ ഭീമന്മാരാണ് റാലി സ്‌പോണസര്‍ ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 3 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് റാലി.
വീഡിയോ: