| Wednesday, 20th August 2014, 2:55 pm

പാകിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധറാലി ശക്തം; പ്രക്ഷോഭകര്‍ പാര്‍ലമെന്റിനു സമീപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട് പാക് തലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകുന്നു. ഇംറാന്‍ ഖാന്റെ പാക്കിസ്താന്‍ തെഹരീക ഇന്‍സാഫും (പി.ടി.ഐ) താഹിറുല്‍ ഖാദിരിയുടെ പാകിസ്ഥാന്‍ അവാമി തെഹരീകുമാണ് അഴിമതിയും തെരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് രംഗത്തെത്തിയത്.

സര്‍ക്കാര്‍ റെഡ്‌സോണ്‍ പ്രഖ്യാപിച്ച പാര്‍ലമെന്റ് മന്ദിരം, മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുലര്‍ച്ചെയെത്തിയ പ്രക്ഷോഭകര്‍ പാര്‍ലമെന്റിലേക്കുള്ള വഴികള്‍ ഉപരോധിക്കുന്നതായാണ് വിവരം. പാര്‍ലമെന്റിന് മുമ്പിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവിലേക്ക് റാലി നടത്തുമെന്ന് ഇരു പാര്‍ട്ടി നേതാക്കളും പ്രഖ്യാപിച്ചിരുന്നു.

നിയന്ത്രിതമേഖയിലേക്ക് കടക്കാതിരിക്കാനായി സ്ഥാപിച്ച മുള്ളുവേലികള്‍ വയര്‍കട്ടറുകളുടെ സഹായത്തോടെ മുറിച്ചാണ് പ്രക്ഷോഭകര്‍ പാര്‍ലമെന്റിനു മുന്നിലെത്തിയത്. ഫോറിന്‍ എംബസികളും മന്ത്രാലയങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്താണ് പ്രക്ഷോഭകരുള്ളത്. ഇസ്ലാമാബാദിലെ രണ്ട് പ്രധാനഹൈവേകളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കൈയടക്കി.

റെഡ്‌സോണില്‍ സൈന്യത്തെ വിന്യസിച്ചതായി പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. മൂന്നു നിരയായിട്ടാണ് സൈന്യത്തെ വിന്യസിച്ചത്. 350 സൈനികരാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഒന്നാം നിരയില്‍ പോലീസും രണ്ടാം നിരയില്‍ ലോ എന്‍ഫോഴ്‌സും മൂന്നാം നിരയില്‍ സൈനികരുമാണ്. 11 ബ്രിഗേഡ് നഗരത്തില്‍ പലയിടത്തും നിലയുറപ്പിച്ചിട്ടുണ്ട്.

2013 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ വോട്ട് തിരിമറി നടത്തിയെന്നാണ് ഇംറാന്‍ ഖാന്റെ ആരോപണം. പ്രധാനമന്ത്രി രാജിവെക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നവാസ് ശരീഫ് സര്‍ക്കാരിന് രാജിവെക്കാന്‍ അനുവദിച്ച 48 മണിക്കൂര്‍ അന്ത്യശാസനം കഴിഞ്ഞതിനെ തുടര്‍ന്നാണ് റാലിക്ക് ഇരുവരും ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ മതപണ്ഡിതനായ താഹിറുള്‍ ഖദ്‌രിയുടെ നേതൃത്വത്തിലാണ് മറ്റൊരു സംഘം പ്രക്ഷോഭകര്‍ എത്തിയിരിക്കുന്നത്.

പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭകാരികള്‍ ഇതിനോട് അനുകൂല നിലപാട് എടുത്തിട്ടില്ല. സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പട്ടാള മേധാവി റഹീല്‍ ശരീഫുമായി സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more