നാല് ദിവസത്തെ ഷൂട്ടിന് ശേഷം പ്രഭാസിന്റെ ചിത്രത്തില്‍ എന്നെ മാറ്റി ആ നടിയെ നായികയാക്കി: രാകുല്‍ പ്രീത്
Entertainment
നാല് ദിവസത്തെ ഷൂട്ടിന് ശേഷം പ്രഭാസിന്റെ ചിത്രത്തില്‍ എന്നെ മാറ്റി ആ നടിയെ നായികയാക്കി: രാകുല്‍ പ്രീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th October 2024, 7:43 pm

2011ല്‍ ദശരദ് സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ചിത്രമാണ് മിസ്റ്റര്‍ പെര്‍ഫെക്റ്റ്. പ്രഭാസ്, കാജല്‍ അഗര്‍വാള്‍, തപ്സി പന്നു തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചതും അഭിനയിച്ചതും താനായിരുന്നുവെന്ന് രാകുല്‍ പ്രീത് വെളിപ്പെടുത്തുന്നു.

കോളേജില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോഴായിരുന്നു താന്‍ മിസ്റ്റര്‍ പെര്‍ഫെക്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നിരുന്നു പഠിക്കാറുണ്ടായിരുന്നെന്നും രാകുല്‍ പറയുന്നു. ആദ്യ ഷെഡ്യൂളിന് ശേഷം താന്‍ ദല്‍ഹിയിലേക്ക് മടങ്ങിപ്പോയെന്നും അവിടെ എത്തിയപ്പോഴാണ് തനിക്ക് പകരം ചിത്രത്തില്‍ കാജല്‍ അഗര്‍വാളിനെ നായികയാക്കി അവര്‍ വീണ്ടും ഷൂട്ടിങ് തുടങ്ങിയെന്ന് അറിയുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

കാജലിന്റെയും പ്രഭാസിന്റെയും ഒരു ചിത്രം ആ ആഴ്ച റിലീസ് ചെയ്തെന്നും അത് സൂപ്പര്‍ഹിറ്റ് ആകുകയും ചെയ്തുകൊണ്ടാണ് തന്നെ മാറ്റി കാജലിനെ മിസ്റ്റര്‍ പെര്‍ഫെക്ടിലേക്ക് തെരഞ്ഞെടുത്തതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞെന്നും രാകുല്‍ പറയുന്നു. ഫിലിം ഫെയര്‍ മാസികയോട് സംസാരിക്കുകയായിരുന്നു താരം.

‘അതെല്ലാം നല്ലതിനായിരുന്നെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവര്‍ക്കും നല്ല ഉദ്ദേശമുണ്ടായിരുന്നു. ഞാന്‍ പുതിയ ആളായിരുന്നു, കോളേജില്‍ രണ്ടാം വര്‍ഷമാണ്. ഞാന്‍ പരീക്ഷയ്ക്ക് വേണ്ടി സെറ്റില്‍ പഠിക്കുകയായിരുന്നു. മിസ്റ്റര്‍ പെര്‍ഫെക്റ്റ് എന്നായിരുന്നു ചിത്രത്തിന്റെ പേര്.

അങ്ങനെ ഞങ്ങള്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഞാന്‍ ദല്‍ഹിയിലേക്ക് പോയി, അവിടെ എത്തിയപ്പോഴാണ് എനിക്ക് പകരമായി കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നത്.

ഞങ്ങളുടെ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ കാജലിന്റെയും പ്രഭാസിന്റെയും മറ്റൊരു ചിത്രം ആ ആഴ്ച റിലീസ് ചെയ്യുകയും അത് ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. അതുകൊണ്ട് അതേ അഭിനേതാക്കളെ വീണ്ടും ജോഡികളാക്കാമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇത്തരം മാറ്റിനിര്‍ത്തലുകള്‍ നിരവധി തവണ സംഭവിക്കുന്നതാണ്,’ രാകുല്‍ പ്രീത് പറയുന്നു.

2009ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുല്‍ പ്രീത് സിങ് അഭിനയരംഗത്തേക്ക് എത്തുന്നത്. യാരിയാന്‍ എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍ 2 ആണ് രാകുല്‍ അവസാനം അഭിനയിച്ച ചിത്രം.

Content Highlight: Rakul Preet Singh Talks About being replaced in Prabhas’s Mr. Perfect film by Kajal Aggarwal after four days of shooting