കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ അധികം സിനിമകളൊന്നും കണ്ടിട്ടില്ലെന്നും തനിക്ക് മലയാളത്തില്‍ നിന്നും കുറച്ച് ഓഫറുകള്‍ വന്നിരുന്നെന്നും നടന്‍ രക്ഷിത് ഷെട്ടി. തനിക്ക് സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ള കുറച്ച് സിനിമകള്‍ ഉണ്ടെന്നും അതൊക്കെ സംവിധാനം ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ താന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെ പറ്റി ചിന്തിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ‘സപ്ത സാഗര ദാച്ചേ എല്ലോ പാര്‍ട്ട് ബി’ യുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രക്ഷിത് ഷെട്ടി.
‘കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഞാന്‍ അധികം സിനിമകളൊന്നും കണ്ടിട്ടില്ല. ഒരു ഭാഷകളിലും കണ്ടിട്ടില്ലെന്ന് പറയാം. മലയാള സിനിമകളില്‍ ഏറ്റവും മികച്ചത് സിനിമയിലെ എഴുത്തുകാരാണ്. ഇവിടെ മലയാളത്തില്‍ നല്ല എഴുത്തുകാര്‍ ഉണ്ട്.
എഴുത്തും സിനിമ എടുക്കുന്ന രീതികളും എല്ലാം വ്യത്യസ്തമാണ്. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് നല്ല സിനിമകള്‍ മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. കൊവിഡ് വന്നതോടെയാണ് മലയാള സിനിമകള്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടുന്നത്. പണ്ടൊക്കെ മലയാള സിനിമയെ കുറിച്ച് അറിവില്ലാത്തവര്‍ പോലും ഇന്ന് മലയാളം സിനിമ കാണുന്നുണ്ട്.
എന്റെ കൂട്ടുക്കാരില്‍ പലരും ഇന്ന് മലയാളം സിനിമയുടെ ആരാധകരാണ്. മലയാള സിനിമയെ പറ്റി എന്നേക്കാള്‍ അവര്‍ക്കൊക്കെ ഇപ്പോള്‍ ധാരണ ഉണ്ട്. ഞാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് സിനിമകള്‍ കണ്ടിട്ടില്ല. എന്നാല്‍ അവര്‍ മലയാളത്തില്‍ കാണാത്ത സിനിമകള്‍ ഇല്ലെന്ന് തന്നെ പറയാം. ഇന്റര്‍നെറ്റിലൂടെയാണ് അവരൊക്കെ സിനിമകള്‍ കാണുന്നത്.
ഇത്തരം സിനിമകള്‍ ലോകത്തുള്ള എല്ലാവരും സ്വീകരിക്കപെടുന്നത് നല്ല കാര്യമാണ്. എനിക്ക് മലയാളത്തില്‍ നിന്നും കുറച്ച് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം എനിക്ക് ഡയറക്റ്റ് ചെയ്യാന്‍ ആഗ്രഹമുള്ള കുറച്ച് സിനിമകള്‍ ഉണ്ട്. അതൊക്കെ എനിക്ക് ഡയറക്റ്റ് ചെയ്യണം. ആ സിനിമകള്‍ ഡയറക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെ പറ്റി ചിന്തിക്കുകയുള്ളു.
ഒരു മലയാളം സിനിമ ഡയറക്റ്റ് ചെയ്യുകയാണെങ്കില്‍ ആ സിനിമയില്‍ പൃഥ്വിരാജ് ആകും നായകന്‍. ഇപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ചാര്‍ളിയിലൂടെയും ഈ സിനിമയിലൂടെയും പരിചയമുണ്ട്. എനിക്ക് മലയാളത്തില്‍ നിവിനിനെയും അറിയാം. അവരെയാകാം ഞാന്‍ ചൂസ് ചെയ്യുന്നത്. ഞാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്,’ രക്ഷിത് ഷെട്ടി പറഞ്ഞു.
‘സപ്ത സാഗരദാച്ചേ എല്ലോ’ നവംബര്‍ 17 ന് കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ഈ ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചത്. ഒരു മില്യണില്‍ പരം കാഴ്ചക്കാരാണ് ട്രെയ്‌ലറിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.
Content Highlight: Rakshit Shetty Talks About Malayalam Movie