എന്നെ നല്ല മനുഷ്യനാകാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ ആ സിനിമകള്‍: രക്ഷിത് ഷെട്ടി
Entertainment
എന്നെ നല്ല മനുഷ്യനാകാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ ആ സിനിമകള്‍: രക്ഷിത് ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd January 2025, 7:53 am

തനിക്ക് പുരാണ സിനിമകള്‍ കാണാന്‍ ഇഷ്ടമാണെന്ന് പറയുകയാണ് നടന്‍ രക്ഷിത് ഷെട്ടി. ഡോ. രാജ്കുമാര്‍ അഭിനയിച്ച എല്ലാ പുരാണ സിനിമയും താന്‍ ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്നും മികച്ച മനുഷ്യനാകാന്‍ ആ സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ടെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഡോ. രാജ്കുമാര്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെ നോക്കുമെന്നും സമാനമായ സാഹചര്യങ്ങളില്‍ അവര്‍ എന്തുചെയ്യുമെന്ന് മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലങ്ങള്‍ക്ക് മുമ്പ് ചെയ്ത അതേ രീതിയില്‍ ഇപ്പോള്‍ പുരാണ സിനിമകള്‍ ചെയ്യാന്‍ കഴിയില്ലെന്നും ഇന്ന് ചെയ്യുകയാണെങ്കില്‍ ഗെയിം ഓഫ് ത്രോണ്‍സ് പോലെ ചെയ്യണമെന്നും രക്ഷിത് ഷെട്ടി പറഞ്ഞു. കാനഡയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡോ. രാജ്കുമാര്‍ അഭിനയിച്ച ഒരു പുരാണ സിനിമയും ഞാന്‍ കാണാതിരുന്നിട്ടില്ല. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഓരോ സിനിമയും ഞാന്‍ രണ്ടും മൂന്നും തവണയെങ്കിലും കണ്ടിട്ടുണ്ട്. വ്യക്തിപരമായി ഒരു മികച്ച മനുഷ്യനാകുന്നതില്‍ ഈ സിനിമകള്‍ എന്നെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് എനിക്കറിയാം.

എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എനിക്ക് തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ ഡോ. രാജ്കുമാര്‍ അവതരിപ്പിച്ച വിവിധ പുരാണ കഥാപാത്രങ്ങളെ ഞാന്‍ നോക്കുകയും സമാനമായ സാഹചര്യങ്ങളില്‍ അവര്‍ എന്തുചെയ്യുമെന്ന് മനസിലാക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒരുപാട് റഫറന്‍സുകള്‍ ഞാന്‍ എടുത്തിട്ടുണ്ട്. ഞാന്‍ പുരാണ സിനിമകളുടെ വലിയ ആരാധകനാണ്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെയ്ത അതേ ശൈലിയില്‍ നിങ്ങള്‍ ഒരു പുരാണ സിനിമ ഇപ്പോള്‍ ചെയ്താല്‍ അത് പ്രേക്ഷകര്‍ സ്വീകരിച്ചെന്ന് വരില്ല. ഇന്ന് പുരാണ ചിത്രങ്ങള്‍ ചെയ്താല്‍ ഗെയിം ഓഫ് ത്രോണ്‍സ് പോലെ ചെയ്യണം. ഈ സിനിമകള്‍ കാണാന്‍ ലോകം തയ്യാറാണ്. അതുപോലെയൊക്കെ ഒരു സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് പദ്ധതികളുണ്ട്. ‘പുണ്യകോടി’ എന്ന ചിത്രം അതിലൊന്നാണ്,’ രക്ഷിത് ഷെട്ടി പറയുന്നു.

Content Highlight: Rakshit Shetty Says Dr Rajkumar’s Films Helped Him To Become A Better Human Being