ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിടിച്ച്. താന്‍ നഗരവും ബീച്ചും നടന്നുകണ്ട് ആസ്വദിക്കാനല്ല വന്നതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
റാക്കിടിച്ചിനെ നല്‍കി പകരം മുന്‍പ് ക്യാമ്പിലുണ്ടായിരുന്ന ബ്രസിലീയന്‍ താരം നെയ്മറിനെ ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് റാക്കിടിച്ചിനെ ഏറെനാളായി ആദ്യ ഇലവനില്‍ നിന്നൊഴിവാക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.
നെയ്മറെ നല്‍കിയാല്‍ റാക്കിടിച്ചിനെ പകരം നല്‍കാമെന്നാണ് ബാഴ്‌സലോണ പി.എസ്.ജിക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. എന്നാല്‍ പി.എസ്.ജി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
തനിക്ക് ബാഴ്‌സ വിടാന്‍ താത്പര്യമില്ലെന്ന് റാക്കിടിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഈ സീസണില്‍ താരം ആകെ കളിച്ചത് 186 മിനിറ്റാണ്. ടീമിന്റെ ഭാഗമാവുകയല്ല, ടീമില്‍ കളിക്കുകയെന്നതാണു തനിക്കു വേണ്ടതെന്ന് റാക്കിടിച്ച് പറഞ്ഞു.
‘എന്റെ അവസ്ഥ മാറ്റാന്‍ കഴിയാവുന്നതെല്ലാം ഞാന്‍ ചെയ്യും. എന്റെ കരാറില്‍ രണ്ടുവര്‍ഷമാണ് അവശേഷിക്കുന്നത്. ബാഴ്‌സലോണയെക്കാള്‍ നല്ലൊരു സ്ഥലം വേറെയില്ലതാനും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ് ബാഴ്‌സ. എന്റെ ഭാവിയെക്കുറിച്ച് ബാഴ്‌സ മാനേജ്‌മെന്റിനോടു സംസാരിച്ചു.’- റാക്കിടിച്ച് വിശദീകരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഞായറാഴ്ച സെവിയ്യക്കെതിരായ ലാലിഗ പോരാട്ടത്തില്‍ റാക്കിടിച്ച് ഇടയ്ക്കു കളിക്കാനിറങ്ങിയപ്പോള്‍ കാണികള്‍ വന്‍ സ്വീകരണമാണു നല്‍കിയത്. ഇതിന് റാക്കിടിച്ച് നന്ദി പറയുകയും ചെയ്തു. എന്നാല്‍ തനിക്ക് കളിക്കളത്തില്‍ ആവശ്യത്തിനു പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പണ്ടും ഞായറാഴ്ചയുമായി കളിച്ച രണ്ടു കളികളിലെ തന്റെ അവസ്ഥ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പണ്ട് തന്റെ കാലുകളിലേക്കു പന്തെത്തിയിരുന്നെന്നു കാണിക്കുന്ന ഒരു ചിത്രവും ഇപ്പോള്‍ അതുണ്ടാകുന്നില്ലെന്നു കാണിക്കുന്ന ചിത്രവുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.