| Sunday, 1st August 2021, 11:26 am

രാഖിലിന് തോക്ക് കിട്ടിയത് ബിഹാറില്‍ നിന്ന്, ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമങ്ങളില്‍ താമസിച്ചു; എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോതമംഗലത്ത് ഡന്റല്‍ ഡോക്ടറായ മാനസയെ രാഖില്‍ കൊലപ്പെടുത്തിയത് ഉത്തരേന്ത്യന്‍ മോഡലിലാണെന്നും അതിനായി ബിഹാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ രാഖില്‍ താമസിച്ചിരുന്നുവെന്നും മന്ത്രി എം.വി ഗോവിന്ദന്‍. മാനസയുടെ നറാത്തെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്.

രാഖിലിന്റെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. രണ്ട് ദിവസത്തിനകം കേരള പൊലീസ് അന്വേഷണത്തിനായി ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. രാഖിലിനെ ആരെങ്കിലും സഹായിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം. എം. റൈഫിള്‍ ആണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ചയാണ് രാഖില്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയത്. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു. മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. ഇതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നു.

മാനസ പോകുന്നത് കൊല ചെയ്ത രാഖില്‍ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ വഴിയിലൂടെ പോകുന്ന മാനസയെ നോക്കുന്നത് കണ്ടിരുന്നെന്നും ഇയാളെ പറ്റി വിവരങ്ങളൊന്നും ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്നും കാസീം പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:Rakhil gets gun from Bihar

.

We use cookies to give you the best possible experience. Learn more