കൊല്ലം: സ്വയംഭരണാവകാശ കോളേജുകളുടെ മൂല്യചുതിയെ കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയര്‍ത്തുന്ന സംഭവമാണ് കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുന്നത്. കോപ്പിയടിച്ചതായി ആരോപിച്ച് മാനസികമായി പീഡിപ്പിച്ച് പരീക്ഷഹാളില്‍നിന്ന് ഇറക്കിവിട്ട രാഖി കൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതോ പരിഹരിക്കേണ്ടതോ ആയ പ്രശ്‌നമല്ല.
2017 ജനുവരി 7ന് പാമ്പാടി നെഹ്‌റു കോളേജില്‍ വെച്ച് സമാനമായ ആരോപണവും പീഡനവുമായിരുന്നു ജിഷ്ണു പ്രണോയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ഇത്തരം വിഷയങ്ങളെ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല എന്നതിന്റെ ഉദാഹരണമായിട്ടാണ് ജിഷ്ണുവിന്റെ മരണത്തിന് രണ്ടു വര്‍ഷം തികയുന്നതിനു മുമ്പ് രാഖിയും കൊല്ലപ്പെട്ടതിനെ ആളുകള്‍ നോക്കിക്കാണുന്നത്.
കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ഇരവിപുരം കൂട്ടിക്കട രാഖിഭവനില്‍ രാഖികൃഷ്ണയാണ് മരിച്ചത്. പരീക്ഷയ്ക്കിടെ കോപ്പിയടിക്കാനായി രാഖി തന്റെ വസ്ത്രത്തില്‍ ഉത്തരങ്ങള്‍ കുറിച്ചു എന്നാരോപിച്ച് മാനസികമായി പീഢിപ്പിച്ച രാഖി കോളേജില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉച്ചക്ക് 12.30ഓടെ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വന്ന കേരള എക്‌സ്പ്രസിന് മുന്നില്‍ ചാടിയ രാഖി തല്‍ക്ഷണം മരിക്കുകയായിരുന്നു. എ.ആര്‍ ക്യാമ്പിന് സമീപത്തെ ട്രാക്കിലാണ് അപകടം. അതേസമയം കോപ്പിയടിച്ചതിന് തെളിവായി അധികൃതര്‍ ചൂണ്ടിക്കാട്ടിയ രാഖിയുടെ വസ്ത്രത്തില്‍ കുത്തിക്കുറിച്ചെന്ന് പറയുന്ന കാര്യങ്ങള്‍ക്ക് അന്ന് നടന്ന പരീക്ഷയുമായി യാതൊരു ബന്ധമില്ലായിരുന്നെന്ന് പരീക്ഷാ ഹാളിലുണ്ടായിരുന്ന രാഖിയുടെ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് മണിപ്പൂര്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് അധ്യാപകനും, സെക്യാട്ട്രിക് സോഷ്യല്‍ വര്‍ക്കറുമായ സൊയുസ് ജോണ്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. “ഇങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച് ആളുകള്‍ വേണം. ഈ ഒരു പ്രായത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ കോപ്പിയടിയും മറ്റും ആരോപിച്ച് പരസ്യമായി കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്ക് അത്തരം ഒരു ഐഡന്റിറ്റി ഉണ്ടാവുകയും, മറ്റുള്ളവര്‍ എങ്ങിനെ തന്നെ കാണും എന്നുള്ള ചിന്തകള്‍ വരികയും അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ പറ്റാതെ വരികയും ചെയ്യും. ഇതൊക്കെ സ്വാഭാവികമായും കുട്ടികളെ ആത്മഹത്യയിലേക്കും മാനസിക സമ്മര്‍ദങ്ങളിലേക്കും നയിക്കും”.
Also Read ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി സീതാറാം യെച്ചൂരി
“അധ്യാപകര്‍ക്ക് ഇതിനെക്കുറിച്ചൊക്കെ എത്ര ബോധവാന്മാരാണെന്ന് എനിക്കറിയില്ല. വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുകയും മറ്റും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരെ ശിക്ഷിക്കുക എന്നതാണ് പൊതുവേ അധ്യാപകരുടെ നയം. ശിക്ഷയിലൂടെയാണ് നമുക്ക് സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുക എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. ശരിക്കും ഈ ഒരു പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് കൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന റിസള്‍ട്ട് ആയിരിക്കില്ല നമുക്ക് ലഭിക്കുന്നത്. വളരെ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്”- ജോണ്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങളെ സ്വയംഭരണ സംവിധാനത്തിന്റെ കാര്യപ്രാപ്തി ഇല്ലായ്മയെ തുറന്നുകാണിക്കുന്നതാണെന്ന് എസ്.എഫ്.ഐ ദേശീയ നേതാവ് വി.പി സാനു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“സ്വയംഭരണം എന്ന ആശയം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഇല്ലാതാക്കി വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യാനുള്ള ഒരു ഉപാധിയാണെന്ന തിരിച്ചറിവ് നേരത്തെ എസ്.എഫ്.ഐക്ക് ഉണ്ടായിരുന്നതിനാല്‍ ഇത്തരം ഒരാശത്തെ അന്നേ ഞങ്ങള്‍ എതിര്‍ത്തിരുന്നു. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്കു ശേഷം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് മാതാപിതാക്കള്‍ തന്നെ പറയുകയുണ്ടായി”.
Also Read സ്‌കൂളില്‍ പോകുന്ന വഴിയില്‍ അമ്പലം, ആര്‍ത്തവകാലത്ത് വീട്ടിലിരിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥിനികള്‍
“സ്വയംഭരണം എന്ന സംവിധാനം തന്നെ അപകടകരമാണ്. സര്‍ക്കാരിന്റെയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടേയോ മേല്‍ നോട്ടമില്ലാതെ ലാഭക്കൊതി മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് കൂച്ചു വിലങ്ങിടണം. ഫറൂക്ക് കോളേജില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും തല്ലുണ്ടാക്കുന്നതു വരെ എത്തിയിരുന്നു കാര്യങ്ങള്‍. ജിഷ്ണുവിന്റെ ആത്മഹത്യ നടന്നിട്ട് രണ്ടു വര്‍ഷം ആകുന്നതിന് മുമ്പ് വീണ്ടും അത് ആവര്‍ത്തിച്ചത് ഇക്കാര്യത്തിലുള്ള സമൂഹത്തിന്റെ നിസ്സംഗതയെ കുറിക്കുന്നതാണ്”- സാനു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സ്വയംഭരണാവകാശത്തിന്റെ യാഥാര്‍ത്ഥ മൂല്യങ്ങള്‍ കോളേജുകള്‍ തിരിച്ചറിയുന്നില്ല എന്നതിന്റെ ഉദാഹരണമാണ് രാഖിയുടെ ആത്മഹത്യ എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. “വിദ്യാര്‍ത്ഥികളുടെ സുഹൃത്താവേണ്ട അധ്യാപകര്‍ അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത് അപലപനീയമാണ്. രാഖിയുടെ ആത്മഹത്യയില്‍ അടിയന്തരമായി അന്വേഷണം നടത്തുക, ഇതിന് കാരണക്കാരായവര്‍ ആരാണെങ്കിലും അവരെ ശിക്ഷിക്കുക, ഫാത്തിമ മാതാ കോളേജിന്റെ സ്വയംഭരണാവകാശം റദ്ദ് ചെയ്യുക, ഇവയാണ് കെ.എസ്.യു വിന്റെ ആവശ്യം”- അഭിജിത് പറഞ്ഞു.
Also Read കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നെന്ന് വ്യാജ പ്രചരണം; കന്നഡ വാര്‍ത്താ ചാനലിനെതിരെ കേസെടുത്തു
“നല്ല അക്കാദമിക് റെക്കോര്‍ഡുള്ള കോളേജുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി മെച്ചപ്പെട്ട പഠനസാഹചര്യങ്ങള്‍ ഒരുക്കുകയായിരുന്നു സ്വയംഭരണാവകാശത്തിന്റെ ലക്ഷ്യം. എന്നാല്‍ സ്വയംഭരണാവകാശത്തെ മാനേജ്‌മെന്റുകള്‍ ചൂഷണം ചെയ്യുകയാണെന്ന്”- അഭിജിത് പറഞ്ഞു.
കൊല്ലം ഫാത്തിമ മാതാ കോളേജിന്റെ സ്വയംഭരണം റദ്ദാക്കുന്നത് മറ്റു സ്വയം ഭരണകോളേജുകള്‍ക്ക് ഒരു താക്കീതായിരിക്കും. സ്വാശ്രയ, സ്വയം ഭരണകോളേജുകളെ അവരുടെ ധാര്‍മികതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തലായിരിക്കും ഈ നടപടി. മുമ്പ് പാമ്പാടി നെഹ്‌റു കോളേജില്‍ വെച്ച് സമാനസാഹചര്യത്തില്‍ ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ടപ്പോള്‍ നെഹ്‌റു ഗ്രൂപ്പിനെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്നും അഭിജിത് പറയുന്നു.
രാഖിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് കോളേജില്‍ കെ.എസ്.യു നടത്തിയ പ്രകടനത്തില്‍ പൊലീസ് ഇടപെട്ടു എന്നാക്ഷേപിച്ച് നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട് കെ.എസ്.യു.
സംഭവത്തില്‍ യുവജനകമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അധ്യാപകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഫാത്തിമ മാത നാഷനല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷെല്ലി അറിയിച്ചു. അന്വേഷണത്തിന് ആഭ്യന്തര അന്വേഷണ കമീഷനെ നിയോഗിക്കുമെന്നും അവര്‍ പറഞ്ഞു.