| Saturday, 31st August 2024, 8:09 am

എന്‍.എസ്.എസ് ആസ്ഥാനത്ത് രാഖിക്ക് വിലക്ക്; സുകുമാരന്‍ നായര്‍ക്കെതിരെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തെ ജീവനക്കാരെ രാഖി കെട്ടുന്നതില്‍ നിന്ന് വിലക്കിയ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ സൈബര്‍ ആക്രമണം.

സംഘപരിവാര്‍ അനുകൂല സൈബര്‍ ഗ്രൂപ്പുകളില്‍ എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സുകുമാരന്‍ നായരുടെ ചിത്രമടക്കമുള്ള പോസ്റ്ററുകള്‍ ഉപയോഗിച്ചാണ് പ്രതിഷേധം.

‘സാഹോദര്യത്തിന്റെ പ്രതീകമായ രാഖി എന്‍.എസ്.എസ്. ഹെഡ് ഓഫീസ് ജീവനക്കാരുടെ കൈകളില്‍ നിന്നഴിച്ചു വലിച്ചെറിഞ്ഞ് സുകുമാരന്‍ നായര്‍’ എന്ന തലക്കെട്ടോടു കൂടിയ പോസ്റ്ററാണ് പ്രചരിക്കുന്നത്. ഇത് ചെയ്യാന്‍ സുകുമാരന്‍ നായര്‍ക്ക് എന്താണ് അവകാശമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.

രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിക്കും പെരുന്നയിലെ ആസ്ഥാനത്തുള്ള ജീവനക്കാര്‍ക്കും രാഖി കെട്ടുന്നതിന് വേണ്ടി ആര്‍.എസ്.എസ്. പ്രാന്തിക അധികാരിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയിരുന്നു. എന്നാല്‍ സുകുമാരന്‍ നായര്‍ ഇതിനെ എതിര്‍ത്തു.

രാഖിയടക്കമുള്ള അടയാളങ്ങള്‍ ചിലതിന്റെ ചിഹ്മാണെന്നും എന്‍.എസ്.എസ് ആസ്ഥാനത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും ജോലി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു വിലക്ക്. വിയോജിപ്പ് അറിയിച്ച് കൊണ്ട് ആര്‍.എസ്.എസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സുകുമാരന്‍ നായര്‍ ഓഫീസില്‍ നിന്ന് തിരിച്ചയക്കുകയും ചെയ്തു.

എന്നാല്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ സംഘം സുകുമാരന്‍ നായരുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ചില ജീവനക്കാരുടെ കൈകളില്‍ കാവി ചരട് കെട്ടി. എന്നാല്‍ ഈ വിവരമറിഞ്ഞ സുകുമാരന്‍ നായര്‍ ഈ ചരട് കെട്ടിക്കൊണ്ട് എന്‍.എസ്.എസ് ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമായത്. കരയോഗങ്ങളിലും പൊതുയോഗങ്ങളിലും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഈ നിലപാടിനെതിരെ പ്രമയം പാസാക്കണമെന്നും സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചാരണം നടക്കുന്നുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ മോശപ്പെട്ട പദപ്രയോഗങ്ങളുണ്ട്.

content highlights: Rakhi banned at NSS headquarters; Cyber ​​attack against Sukumaran Nair

We use cookies to give you the best possible experience. Learn more