ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ശക്തമായ പ്രതിപക്ഷമുണ്ടായിരുന്നെങ്കില്‍ കര്‍ഷകര്‍ ദുരിതത്തിലാകില്ലായിരുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഇന്ത്യാ ടുഡെയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാജ്യത്തെ പ്രതിപക്ഷം ശക്തമായിരുന്നുവെങ്കില്‍ കര്‍ഷകര്‍ക്ക് ഈ ഗതി വരില്ലായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. എന്നാല്‍ അവരൊന്നും ചെയ്യുന്നില്ല. പ്രതിപക്ഷത്തുള്ള ഏതെങ്കിലും നേതാക്കള്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ജയിലില്‍ പോയതായി അറിവുണ്ടോ?’, ടികായത് പറഞ്ഞു.
കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.
‘ഖാസിപ്പൂരിലെ പാടങ്ങള്‍ ഞങ്ങള്‍ ഉഴുതുമറിച്ച് കൃഷി ആരംഭിക്കും. പ്രദേശത്തെ കര്‍ഷകരെയും ഒപ്പം കൂട്ടും’, ടികായത് പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരുന്നു ഉപരോധം.
ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിച്ചത്. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.
വഴിതടയല്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടായത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സി.പി.ഐ നേതാവ് ആനി രാജയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കരുതല്‍ തടങ്കലിലാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
കോഹ്‌ലിയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.
‘വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക