കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പശ്ചിമ ബംഗാളിലേക്ക് ഉടൻ പുറപ്പെടുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത്. സർക്കാരിപ്പോൾ കൊൽക്കത്തയിലാണ് അതുകൊണ്ട് കർഷകരും കൊൽക്കത്തയ്ക്ക് പുറപ്പെടുകയാണ് എന്നാണ് രാകേഷ് ടികായത് പറഞ്ഞത്. മാർച്ച് 13ന് കൊൽക്കത്തയിലെത്തി അവിടുത്തെ കർഷകരോട് സംസാരിക്കുമെന്നും രാകേഷ് ടികായത് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച പശ്ചിമ ബംഗാളിൽ ശക്തമായ പ്രചരണ പരിപാടികളാണ് ബി.ജെ.പി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി ബി.ജെ.പിയുടെ മുൻ നിര നേതാക്കൾ ഇതിനോടകം നിരവധി തവണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാൾ സന്ദർശിച്ചു കഴിഞ്ഞു.
മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് നിരവധി പേരാണ് ബി.ജെ.പിയിലേക്ക് പോയത്. പശ്ചിമ ബംഗാളിൽ മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പി ശ്രമങ്ങൾ സജീവമാക്കുന്നതിനിടെയാണ് കർഷകരുമായി സംവദിക്കുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത് പറഞ്ഞത്.
കേരളമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ പ്രചരണത്തിനിറങ്ങുമെന്ന് സമരം ചെയ്യുന്ന കർഷകർ നേരത്തെ അറിയിച്ചിരുന്നു. കർഷദ്രോഹനയങ്ങൾ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്നായിരുന്നു സംയുക്ത കിസാൻ മോർച്ച പറഞ്ഞത്.
അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബി.ജെ.പി നേതാവ് സുവേന്തു അധികാരി ബെഹാലയിലെ റാലിയിൽ പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് എതിരെ മത്സരിക്കുന്നത് സുവേന്തു അധികാരിയാണ്. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരി അടുത്ത കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിനെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.