മീററ്റ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്. രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ തെരഞ്ഞെടുപ്പില്‍ തന്റെ പേരോ, പോസ്റ്ററില്‍ തന്റെ ചിത്രമോ പ്രചരണത്തിനുപയോഗിക്കരുതെന്നും ടികായത് വ്യക്തമാക്കി.
‘ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കന്‍ ആഗ്രഹിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കരുത്,’ ടികായത് വ്യക്തമാക്കി. എ.എന്‍.ഐയോടായിരുന്നു ടികായത്തിന്റെ പ്രതികരണം.
ഡിസംബര്‍ 9നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച ഒരു വര്‍ഷം നീണ്ട സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവില നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ രൂപീകരണത്തിനും ശേഷമാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്.
സമരം അവസാനിപ്പിച്ച കര്‍ഷകര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.
ജനുവരി 15ന് അവലോകനയോഗം ചേരുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെങ്കില്‍ സമരം പുനരാംഭിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം നടത്തിയിരുന്നു. 700 ല്‍ അധികം കര്‍ഷകരാണ് സമരത്തിനിടെ മരണപ്പെട്ടത്.
ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
അതേസമയം, തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവച്ച സംയുക്ത കിസാന്‍ മോര്‍ച്ച ഡിസംബര്‍ 11ന് വിജയദിവസമായി ആചരിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rakesh Tikait said that he is not going to contest any election.