| Sunday, 23rd July 2023, 1:46 pm

വിനായകന്റെ ഭാഷ

രാകേഷ് സനല്‍

അവിശ്വസനീയമാം വിധം മലയാളിക്ക് സ്വീകാര്യനായവനാണ് വിനായകന്‍. അയാള്‍ പറയുന്ന ഓരോ വാക്കിലും രാഷ്ട്രീയമുണ്ടായിരുന്നു. പഠിച്ചു പറയുന്നതായിരുന്നില്ല, അറിഞ്ഞു പറയുന്നതായിരുന്നു. അനുഭവങ്ങളുടെ മൂശയില്‍ നിന്നും ഭംഗിയോടെ സംസാരിച്ചു.

ഇടയ്ക്ക് പിഴയ്ക്കാറുമുണ്ടായിരുന്നു. അങ്ങനെയൊരു കൈവിട്ടു പറച്ചിലാണ് കഴിഞ്ഞ ദിവസവുമുണ്ടായത്. തെറ്റ് തന്നെ. എന്നാലത് അക്ഷന്തവ്യമായ തെറ്റാണോ? ‘ വിനായകനെ വെറുതെ വിടണോ’ എന്ന ടൈറ്റിലൊക്കെയിട്ട് ന്യൂസ് അവറില്‍ വിചാരണ ചെയ്യേണ്ടതുണ്ടോ?

വിനായകന്റെ ഭാഷയാണ് എല്ലാവര്‍ക്കും പ്രശ്നം.

വിനായകന്‍ ഒരിക്കല്‍ പറയുന്നുണ്ട്; എന്റെ വീടിനു മുന്നില്‍ വെളിക്കിരിക്കുന്നവനോട് സംസ്‌കൃതമോ ബുദ്ധിജീവിഭാഷയോ അല്ല പറയേണ്ടത്, വിനായകന്റെതായ ഭാഷയാണ്. അതുകൊണ്ടേ കാര്യമുള്ളൂ”. കഥാപാത്രങ്ങള്‍ക്ക് പുറത്ത് അയാള്‍ക്ക് അയാളുടെതായ ഭാഷ മാത്രമെ ഉപയോഗിക്കാനറിയൂ. അതയാള്‍ സാഹചര്യങ്ങള്‍ മനസിലാക്കാതെ പ്രയോഗിച്ചു പോയി.

ഇന്ന് വിനായകനെ തിരുത്താന്‍ നടക്കുന്ന മാധ്യമങ്ങള്‍ ഒരിക്കല്‍ വിനായകനാല്‍ തിരുത്തപ്പെട്ടിട്ടുണ്ട്. ഓര്‍ക്കുന്നുണ്ടോ, കമ്മട്ടിപാടത്തില്‍ അയാള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമപ്രവര്‍ത്തകര്‍ വിനായകന്റെ വീട്ടിലെത്തിയ ദിവസം. അമ്മയെ കെട്ടിപിടിക്കാനും ജിലേബി തിന്നാനും പറഞ്ഞായിരുന്നു ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ വിനായകനെ നിര്‍ബന്ധിച്ചത്.

തന്റെ നിലപാടുകള്‍ക്കുമേല്‍ കയറിയിരുന്ന് വെളിക്കിറങ്ങാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകരോട്‌ അന്നും അയാള്‍ വിനയത്തിന്റെയോ വിധേയത്വത്തിന്റെയോ ഭാഷയല്ല ഉപയോഗിച്ചത്, വിനായകന്റെ ഭാഷയായിരുന്നു. അയാള്‍ക്കതേ അറിയൂ. ഇന്ന് വിനായകനെ ധാര്‍മികത പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ, അന്ന് അയാള്‍ ചില ധാര്‍മികതകള്‍ പഠിപ്പിച്ചിരുന്നു.

തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മറ്റുള്ളവരെ താളം ചവിട്ടിപ്പിക്കുന്ന മാധ്യമങ്ങളെ വിനായകന്‍ പഠിപ്പിച്ച ധാര്‍മികതയായിരുന്നു അവാര്‍ഡ് പ്രഖ്യാപന ദിവസത്തെ അയാളുടെ വക്കുകള്‍. അമ്മയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞപ്പോള്‍ ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ പറയരുതെന്നയാള്‍ താക്കീത് ചെയ്തു. മരിച്ചു കിടക്കുന്നവന്റെ മുന്നിലും വിശന്നിരിക്കുന്നവന്റെ മുന്നിലും ഫ്രെയിമുകള്‍ സൃഷ്ടിക്കാന്‍ പരവേശം കാട്ടുന്നവര്‍ അവനവന്റെ ആവശ്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഏര്‍പ്പാട് ഉപേക്ഷിക്കണമെന്നായിരുന്നു വിനായകന്‍ അയാളുടെ ഭാഷയില്‍ ഓര്‍മിപ്പിച്ചത്.

മുഖ്യമന്ത്രിയില്‍ നിന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കുന്ന വിനായകന്‍

അമ്മയുടെ വായിലൊരു ജിലേബി വച്ചു കൊടുക്കു, ഞങ്ങളത് പകര്‍ത്തട്ടെ എന്നു പറഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, ഉപ്പിലാത്ത വീട്ടിലേക്കു ജിലേബിയും വാങ്ങിക്കൊണ്ടു വരരുതെന്നായിരുന്നു വിനായകന്‍ തിരിച്ചു പറഞ്ഞത്. ഒരു ജിലേബി കഷ്ണം പൊട്ടിച്ച് അമ്മയുടെ വായില്‍ വച്ചുകൊടുക്കുന്നതിനേക്കാള്‍ അമ്മയെ കാണുമ്പോള്‍ കൊച്ചിന്‍ ഹനീഫയുടെ ശബ്ദം അനുകരിച്ച് ‘കുത്തിക്കൊന്നുകളയും ഞാന്‍’ എന്നു പറയുന്നതിലാണ് തന്റെ സന്തോഷം എന്നാണ് വിനായകന്‍ പറഞ്ഞത്.

വിനായകനെ കറുത്തവനും വിരൂപനുമായി മാത്രം കണ്ടായിരുന്നു സിനിമ സ്വീകരിച്ചു തുടങ്ങിയത്. പ്രേക്ഷകര്‍ അയാളെ ആദ്യം ആസ്വദിച്ചതും അയാളുടെ രൂപത്താല്‍ പ്രതി മാത്രമായിരുന്നു.

അയാളുടെ കഥാപാത്രങ്ങളെ ഇരുകൈവിരലുകളിലും കൂട്ടിച്ചേര്‍ത്ത് എണ്ണിയാല്‍, ക്വട്ടേഷന്‍ അംഗമോ അതല്ലെങ്കില്‍ നായകന്റെ കൂട്ടുകാരില്‍ പരിഹസിക്കപ്പെടാന്‍ മാത്രമായി വശം ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന ഒരുവനോ ആയുള്ള വേഷങ്ങളായിരുന്നു കൂടുതല്‍. ഒരുപക്ഷേ കമ്മട്ടിപ്പാടം എന്ന സിനിമ ഇറങ്ങിയിരുന്നില്ല എന്നു വിചാരിക്കുക; വിനായകന്‍ ഇതേ കഥാപാത്രങ്ങളായി തന്നെ മുന്നോട്ടു പോകുമായിരുന്നു. അയാള്‍ ഇപ്പോഴെന്നപോലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകില്ലായിരുന്നു.

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങിയവര്‍, ഏറ്റവും ക്രൂരമായ വംശീയാക്രമണമാണ് അയാള്‍ക്കെതിരേ നടത്തുന്നത്. കരിങ്കുരങ്ങിന് സമാനമായി അവര്‍ അയാളെ എല്ലായിടത്തും ചിത്രീകരിക്കുന്നു. അതിനൊരു കാരണം അയാളുടെ തൊലിയുടെ നിറവും രൂപവും തന്നെയാണ്. തമിഴില്‍ നായകന്‍ കറുത്തിരുന്നാല്‍ കൂടുതല്‍ നല്ലതാണ്. അതു ദ്രാവിഡന്റെ സ്വത്വബോധത്തില്‍ നിന്നുണ്ടാകുന്ന വികാരമാണ്. അവിടെ നായികയുടെ തൊലിമാത്രം വെളുത്തിരുന്നാല്‍ മതി.

പക്ഷേ മലയാളത്തില്‍ കറുത്തവന് തമാശക്കാരന്റെയോ അല്ലെങ്കില്‍ ഗുണ്ടയുടെയോ വേഷങ്ങളാണു ചേരുക.

ബുദ്ധിമാനായ ശ്രീനിവാസന്‍ സ്വന്തം ‘കുറവുകള്‍’ തന്ത്രപരമായി വിറ്റു തന്റേതായ മാര്‍ക്കറ്റ് ഉണ്ടാക്കിയെടുത്തു. കലാഭവന്‍ മണിയെ പോലുള്ളവര്‍ക്കു പക്ഷേ അങ്ങനെയൊരു മാര്‍ക്കറ്റ് കിട്ടിയില്ല. മണിയുടെ കറുപ്പ് അയാള്‍ക്ക് ഒരു കോമാളിയായി സിനിമയില്‍ സജീവത ഉണ്ടാക്കി കൊടുത്തു. പിന്നീടയാള്‍ നായകനായി. അവിടെയും രക്ഷയായത് കറുത്തവന്റെ സ്വത്വം.

കലാഭവന്‍ മണി

മണി അവിടെ നിന്നും സവര്‍ണനായ നായകനാകാന്‍ ശ്രമം നടത്തി. അതിലയാള്‍ക്കു പിഴച്ചു; തിലകനെ നമ്പൂതിരായി കാണുമ്പോള്‍ മലയാളിക്കുണ്ടാകുന്ന ഒരസ്‌കിത പോലെ. മണിക്ക് നായകനേക്കാള്‍ ഗാംഭീര്യം വില്ലനാകുമ്പോള്‍ കിട്ടുമെന്നു പറഞ്ഞു നടന്നതില്‍ അതേ അസ്‌കിത ഉണ്ടായിരുന്നു. സത്യന്‍ കറുത്തതായിരുന്നില്ലേ എന്നു ചോദിക്കരുത്. പെരിയാറ്റിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയതിനുശേഷമുള്ള കാര്യങ്ങളാണ് പറയുന്നത്.

വിനായകന് കമ്മട്ടിപാടത്തിന്റെ പേരില്‍ വനിത പ്രത്യേക ജൂറി അവാര്‍ഡ് കൊടുത്തിരുന്നു. ആളെണ്ണം നോക്കി അരിയിടുന്ന കലവറക്കാരാണല്ലോ ചാനല്‍ അവാര്‍ഡു കമ്മിറ്റിക്കാര്‍. ആ കൂട്ടത്തില്‍ ഇത്തിരി ബുദ്ധികൂടും കോട്ടയത്തുകാര്‍ക്ക്. അവാര്‍ഡ് കൊടുത്തതുകൊണ്ടു മാത്രം അടങ്ങാതെ, വിനായകന് അവാര്‍ഡ് കൊടുത്ത കാര്യം ആ ലക്കത്തിലെ വനിതയുടെ കവര്‍ പേജിലും അയാളെ ഉള്‍പ്പെടുത്തി. ഒറ്റയ്ക്കല്ല. നിവിന്‍ പോളി, മഞ്ജു വാര്യര്‍ തുടങ്ങി കുറച്ച് വെളുത്ത സുന്ദരി-സുന്ദരന്മാര്‍ക്കൊപ്പം.

സിനിമ താരം എന്നാല്‍ സൗന്ദര്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരെന്ന് കരുതിയവര്‍ വിനായകന്റെ മുഖത്ത് ഫോട്ടോഷോപ്പിലെ ടൂളുകൊണ്ട് ടച്ചപ്പ് നടത്തി വെളിപ്പിച്ചെടുത്തു. വെളുത്തവര്‍ക്കിടയില്‍ കറുത്തവന്‍ നിന്നാലോ പറഞ്ഞാലോ അഭംഗിയാണെന്നവര്‍ കരുതിക്കാണണം. അത്തരം തോന്നലുകളാണ് ‘ ആരാ ഈ വിനായകന്‍’ എന്ന് പുച്ഛിക്കാന്‍ ഇപ്പേഴും പലര്‍ക്കും തോന്നുന്നത്.

content highlights: Rakesh Sanal writes about the debate after Vinayakan’s reaction to Oommen Chandy’s death

രാകേഷ് സനല്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more