|

മികച്ച ടെക്‌നീഷ്യന്മാരുണ്ടായിട്ടും ഈ വിനീത് ചിത്രം പരാജയമായതിന്റെ കാരണം പിന്നീട് മനസിലായി: രാകേഷ് മണ്ടോടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് രാകേഷ് മണ്ടോടി. തുടര്‍ന്ന് ടൊവിനോ തോമസ് നായകനായ ഗോദക്കും രാകേഷ് തിരക്കഥയെഴുതി. ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ഒരു ജാതി ജാതകത്തിന്റെ തിരക്കഥയും രാകേഷിന്റെയാണ്.

ആദ്യചിത്രമായ തിരയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് രാകേഷ് മണ്ടോടി. ചിത്രത്തിന്റെ റിലീസിന് മുമ്പ് പ്രിവ്യൂ നടത്തിയെന്നും എല്ലാവരും ആ സമയത്ത് നല്ല അഭിപ്രായമായിരുന്നു പറഞ്ഞതെന്നും രാകേഷ് മണ്ടോടി പറഞ്ഞു. എന്നാല്‍ അന്ന് അഭിപ്രായം പറഞ്ഞത് സിനിമയുടെ ക്രൂവുമായി ബന്ധപ്പെട്ടവരായിരുന്നെന്നും അവര്‍ നല്ലത് മാത്രം പറഞ്ഞപ്പോള്‍ സിനിമ വര്‍ക്കാകുമെന്ന് പ്രതീക്ഷിച്ചെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാതിരുന്നപ്പോള്‍ വിഷമമായെന്നും എന്നാല്‍ പ്രേക്ഷകര്‍ക്ക് കണക്ടാകാത്തത് വലിയ തിരിച്ചടിയായെന്നും രാകേഷ് മണ്ടോടി പറയുന്നു. എന്തുകൊണ്ട് ചിത്രം വര്‍ക്കായില്ലെന്ന് ആലോചിച്ചെന്നും പിന്നീട് അതിന്റെ കാരണം മനസിലായെന്നും രാകേഷ് മണ്ടോടി പറഞ്ഞു. അന്നത്തെ തിയേറ്ററുകള്‍ പഴയ മോഡലായിരുന്നെന്നും തിരയുടെ സൗണ്ട് ഡിസൈന്‍ അതുമായി ചേര്‍ന്ന് പോയില്ലെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.

മികച്ച ക്യാമറമാനും മ്യൂസിക് ഡയറക്ടറുമായിരുന്നു അതിന്റെ ക്രൂവിലെന്നും എന്നാല് ചിത്രത്തിന് പ്രേക്ഷകരുമായി കണക്ടായില്ലെങ്കില്‍ എത്ര നല്ല പരീക്ഷണമാണെങ്കിലും അവര്‍ സ്വീകരിക്കില്ലെന്ന് മനസിലായെന്നും രാകേഷ് മണ്ടോടി പറഞ്ഞു. ചിത്രത്തിന്റെ സബ്‌ടൈറ്റില്‍ പോലും പ്രേക്ഷകര്‍ക്ക് വായിക്കാന്‍ സാധിച്ചില്ലായിരുന്നെന്നും അതെല്ലാം സിനിമയെ ബാധിച്ചെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു രാകേഷ് മണ്ടോടി.

‘ചിത്രത്തിന്റെ റിലീസിന് മുമ്പ് പലരും സിനിമയെപ്പറ്റി പൊക്കിപ്പറഞ്ഞിരുന്നു. അതെല്ലാം അതിന്റെ ക്രൂവുമായി ബന്ധമുള്ളവരായിരുന്നു. അവരെ സംബന്ധിച്ച് ഈ സിനിമ വലിയ സംഭവമായിരുന്നു. അതൊക്കെ കേട്ടപ്പോള്‍ പടം തിയേറ്ററില്‍ വര്‍ക്കാകുമെന്ന് വിചാരിച്ചു. എന്നാല്‍ തിയേറ്ററില്‍ സിനിമ പരാജയമായെന്ന് മാത്രമല്ല പ്രേക്ഷകരും സിനിമയെ കൈയൊഴിഞ്ഞു.

ആദ്യം ചെറിയ വിഷമം തോന്നി. പക്ഷേ, എന്തുകൊണ്ട് ആളുകള്‍ക്ക് പടം ഇഷ്ടമായില്ലെന്ന് ആലോചിച്ചു. പിന്നീട് അത് മനസിലായി. ഒന്നാമത്തെ കാരണം അന്ന് ആ സിനിമ കളിച്ചത് പഴയ മോഡല്‍ തിയേറ്ററുകളിലായിരുന്നു. തിരയുടെ സൗണ്ട് ഡിസൈന്‍ ആ തിയേറ്ററില്‍ അത്ര സിങ്ക് ആയില്ല. അത് മാത്രമല്ല, നമ്മള്‍ എത്ര വലിയ പരീക്ഷണം ചെയ്യുകയാണെന്ന് പറഞ്ഞാലും ഓഡിയന്‍സിന് ആ പടം കണക്ടായില്ലെങ്കില്‍ ഒരു കാര്യവുമില്ല.

തിരയുടെ കാര്യം നോക്കിയാല്‍ അതിന്റെ ക്യാമറാമാന്‍ ടോപ് നോച്ചാണ്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ ടോപ്പായിട്ടുള്ള ആളാണ്. പക്ഷേ, ആ പടത്തിന്റെ എഡിറ്റിങ് ഫാസ്റ്റായിട്ടായിരുന്നു. ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ തീരെ സമയം കിട്ടിയില്ല. അതുമാത്രമല്ല, ആ പടത്തിന്റെ സബ്‌ടൈറ്റില്‍ വായിച്ച് തീരുമ്പോഴേക്ക് അത് പോയിട്ടുണ്ടാകും. അതെല്ലാം സിനിമയെ വല്ലാതെ ബാധിച്ചു,’ രാകേഷ് മണ്ടോടി പറഞ്ഞു.

Content Highlight: Rakesh Mantodi explains how Thira movie become failure in theatres

Video Stories