|

ബേസില്‍ ആളൊരു കുറുക്കനാണെന്ന് തിരയുടെ സമയത്ത് തന്നെ മനസിലായിരുന്നു: രാകേഷ് മണ്ടോടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് രാകേഷ് മണ്ടോടി. തുടര്‍ന്ന് ടൊവിനോ തോമസ് നായകനായ ഗോദക്കും രാകേഷ് തിരക്കഥയെഴുതി. ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ഒരു ജാതി ജാതകത്തിന്റെ തിരക്കഥയും രാകേഷിന്റെയാണ്.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളും നടനുമായ ബേസില്‍ ജോസഫിനെക്കുറിച്ച് സംസാരിക്കുകയാണ് രാകേഷ് മണ്ടോടി. തിര എന്ന സിനിമയുടെ സമയത്താണ് ബേസിലിനെ ആദ്യമായി കണ്ടതെന്ന് രാകേഷ് മണ്ടോടി പറഞ്ഞു. തട്ടത്തിന്‍ മറയത്തിന്റെ അസിസ്റ്റന്റായിരുന്ന ഗണേഷ് രാജാണ് ബേസിലിനെയും അഭിനവ് സുന്ദര്‍ നായകിനെയും തിരയിലേക്ക് കൊണ്ടുവന്നതെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.

പ്രിയംവദ കാതരയാണ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ബേസില്‍ തിരയിലേക്ക് എത്തിയതെന്നും രാകേഷ് പറഞ്ഞു. ആ സിനിമയില്‍ ക്ലാപ്പടിക്കാന്‍ നിന്നത് ബേസിലായിരുന്നെന്നും അസിസ്റ്റന്റായി നില്‍ക്കുന്നവര്‍ സാധാരണയായി ക്ലാപ്പടിക്കാറില്ലെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബേസില്‍ ബുദ്ധിപൂര്‍വമാണ് ആ പണി ഏറ്റെടുത്തതെന്നും അയാള്‍ അന്നേ സൂത്രശാലിയായ കുറുക്കനായിരുന്നെന്നും രാകേഷ് പറഞ്ഞു.

ക്ലാപ്പടിക്കാന്‍ നില്‍ക്കുമ്പോള്‍ എല്ലാം മുന്നില്‍ നിന്ന് തന്നെ കണ്ട് പഠിക്കാനുള്ള അവസരമുണ്ടെന്നും അത് ബേസില്‍ കൃത്യമായി ഉപയോഗിച്ചെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു. എല്ലാം കൃത്യമായി കണ്ട് പഠിച്ചത് ബേസിലിന് ആദ്യ സിനിമ ചെയ്തപ്പോള്‍ ഗുണം ചെയ്‌തെന്നും രാകേഷ് മണ്ടോടി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു രാകേഷ് മണ്ടോടി.

‘തിരയുടെ സമയത്താണ് ബേസിലിനെ ആദ്യമായി കാണുന്നത്. ആ പടത്തില്‍ വിനീതിന്റെ അസോസിയേറ്റായിരുന്നു ബേസില്‍. തട്ടത്തിന്‍ മറയത്തിലെ അസിസ്റ്റന്റായിരുന്ന ഗണേഷ് രാജാണ് ബേസിലിനെയും അഭിനവ് സുന്ദര്‍ നായകിനെയും കൊണ്ടുവന്നത്. പ്രിയംവദ കാതരയാണ് എന്ന ഷോര്‍ട്ട് ഫിലിം കണ്ടിട്ടാണ് ബേസിലിനെ സെലക്ട് ചെയ്തത്.

തിരയില്‍ ക്ലാപ്പടിക്കാനൊക്കെ നിന്നത് ബേസിലായിരുന്നു. സാധാരണയായി അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നവര്‍ ക്ലാപ്പടിക്കുന്നതിനോട് വിമുഖത കാണിക്കാറുണ്ട്. പക്ഷേ, ബേസില്‍ അത് ചെയ്തു. അന്നേ അയാള്‍ ഒരു കുറുക്കനായിരുന്നു. കാരണം, ക്ലാപ്പടിക്കാന്‍ നില്‍ക്കുമ്പോള്‍ എല്ലാം മുന്നില്‍ നിന്ന് തന്നെ കണ്ട് പഠിക്കാന്‍ സാധിക്കും. അത് പിന്നീട് ആദ്യത്തെ സിനിമ ചെയ്തപ്പോള്‍ ബേസിലിന് ഗുണം ചെയ്തു,’ രാകേഷ് മണ്ടോടി പറഞ്ഞു.

Content Highlight: Rakesh Mantodi about Basil Joseph and Thira movie

Latest Stories

Video Stories