Entertainment
സെറിബ്രല്‍ പാള്‍സിയെ മറികടന്ന് സിനിമയുമായി രാകേഷ് കൃഷ്ണന്‍; കളം@24 തിയേറ്ററുകളില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 29, 05:52 am
Friday, 29th November 2024, 11:22 am

സെറിബ്രല്‍ പാള്‍സി രോഗത്തോട് പടപൊരുതി തന്റെ സിനിമയെന്ന സ്വപ്‌നത്തിലേക്കെത്തി നില്‍ക്കുന്ന വ്യക്തിയാണ് രാകേഷ് കൃഷ്ണന്‍. ജന്മനാ ശരീരത്തെ സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച രാകേഷിന്റേതായി ഇറങ്ങിയ ആദ്യ സിനിമയാണ് കളം@24. ഒന്നര വര്‍ഷം കൊണ്ടാണ് രാകേഷ് ഈ സിനിമ ഒരുക്കിയത്.

അഞ്ച് ആല്‍ബവും മൂന്ന് ഹൃസ്വചിത്രങ്ങളും ഒരുക്കിയ ശേഷമാണ് രാകേഷ് തന്റെ സിനിമയുമായി എത്തുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി – ഡ്രാമ ഴോണറിലുള്ള ഈ സസ്പെന്‍സ് ത്രില്ലര്‍ രാകേഷ് കൃഷ്ണന്‍ ഒരുക്കിയത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണവും എന്നിവ ഒരുക്കിയത് രാകേഷ് തന്നെയാണ്.

രാകേഷിന്റെ ആദ്യ സിനിമക്ക് പിന്തുണയുമായി മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ലോകസിനിമയില്‍ തന്നെ സെറിബ്രല്‍ പാള്‍സിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയേറ്ററുകളില്‍ മാത്രമേയുള്ളൂവെന്നും സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററില്‍ പോയി രാകേഷിന്റെ സിനിമ കാണണമെന്നും സജി ചെറിയാന്‍ തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇന്ന് നവംബര്‍ 29നാണ് കളം@24 തിയേറ്ററുകളില്‍ എത്തുന്നത്.

സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് രാകേഷ് കൃഷ്ണന്‍ കുരമ്പാല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്നെ കാണാന്‍ വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. രാകേഷ് സെറിബ്രല്‍ പാള്‍സി രോഗബാധിതനാണ്. ശാരീരികവെല്ലുവിളിയെ തെല്ലും വകവെക്കാതെ തന്റെ സ്വപ്നത്തിന് പിന്നാലെ പോയ രാകേഷിന്റെ സിനിമ എന്ന ആ സ്വപ്നം പൂവണിയുകയാണ്.

തന്റെ ജീവിതത്തില്‍ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഈ അസുഖത്തോടും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത ഒരു സിനിമ കളം@24 എന്ന പേരില്‍ പുറത്തിറങ്ങുകയാണ്.
ലോകസിനിമയില്‍ തന്നെ സെറിബ്രല്‍ പാള്‍സിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

രാകേഷിന്റെ ഇന്റര്‍വ്യൂകള്‍ ചിലപ്പോള്‍ നിങ്ങളില്‍ കുറച്ച് പേരെങ്കിലും കണ്ടുകാണും. ആ ചെറുപ്പക്കാരന്‍ പിന്നിട്ട സഹനവഴികള്‍ ചിരിച്ചുകൊണ്ട് പറയുമ്പോള്‍ നമുക്ക് കണ്ണ് നിറയും. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ വന്നപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ ഷര്‍ട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചിട്ടുണ്ട്.

സിനിമയോടുള്ള രാകേഷിന്റെ തീവ്രമായ സ്‌നേഹം പടം റിലീസ് ചെയ്യുന്നതില്‍ വരെ എത്തിയിട്ടുണ്ട്. ഞാന്‍ ഈ സിനിമയുടെ പ്രമോഷന് പത്രസമ്മേളനത്തില്‍ രാകേഷിനൊപ്പം പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മുന്‍നിര മാധ്യമങ്ങള്‍ ഒന്നും അതിന് വലിയ പരിഗണന നല്‍കിയില്ല.

ഇവിടെ വരെയേ രാകേഷിന് ഓടാന്‍ പറ്റുകയുള്ളൂ, ഇനിയങ്ങോട്ട് ആ ബാറ്റണ്‍ രാകേഷ് സിനിമാപ്രേമികള്‍ക്ക് കൈമാറുകയാണ്. ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയേറ്ററുകളില്‍ മാത്രമേയുള്ളൂ. നിങ്ങളില്‍ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററില്‍ പോയി രാകേഷിന്റെ സിനിമ കാണണം.

കണ്ടാല്‍ സോഷ്യല്‍ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവെക്കണം. പിന്തുണയ്ക്കണം. രാകേഷ് അത് അര്‍ഹിക്കുന്നുണ്ട്. കൊച്ചനുജനും സിനിമയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

Content Highlight: Rakesh Krishnan’s First Movie Kalam@24 In Theatres