| Thursday, 22nd June 2017, 4:20 pm

കള്ളനോട്ടടിക്ക് പിടിയിലായ രാകേഷ് ഏഴാച്ചേരി കള്ളപ്പണ മുന്നണികള്‍ക്കെതിരായ ബി.ജെ.പി പ്രചരണയാത്രയുടെ പ്രചരണ പോസ്റ്ററിലുള്ളയാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കേസില്‍ പൊലീസ് തിരയുന്ന രാകേഷ് ഏഴാച്ചേരി “കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബി.ജെ.പി” നടത്തിയ പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കാനും മറ്റും മുന്‍പന്തിയിലുണ്ടായിരുന്നയാള്‍. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച പ്രചരണ യാത്രയ്ക്ക് മതിലകം സെന്ററില്‍ നല്‍കിയ സ്വീകരണത്തിന് നേതൃത്വം നല്‍കിയ ആളാണ് രാകേഷ്.

ഒ.ബി.സി മോര്‍ച്ചയുടെ കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ് ഇയാള്‍. 2017 ജനുവരി 11 മതിലകം സെന്ററില്‍ ശോഭാ സുരേന്ദ്രന് നല്‍കിയ സ്വീകരണത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് ഇദ്ദേഹം.

രാകേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിന്റെയും കള്ളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തതിന്റെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ മതിലകം സെന്ററില്‍ നടന്ന സ്വീകരണ പരിപാടിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ ആഘോഷിക്കപ്പെടുകയാണ്.


Also Read: നോമ്പ് തുടങ്ങിയാല്‍ മലപ്പുറത്ത് ഒരു ഹിന്ദുവിനും പച്ചവെള്ളം കുടിക്കാന്‍ പറ്റില്ല; തീവ്ര വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും ഗോപാലകൃഷ്ണന്‍


കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കാനെന്നു പറഞ്ഞ് നോട്ടുനിരോധനത്തെ അനുകൂലിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കള്ളനോട്ട് അടിച്ച് വിതരണം ചെയ്തതിന് പിടിയിലായിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദികള്‍ വ്യാപകമായി കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും നോട്ടുനിരോധനത്തിലൂടെ ഇവര്‍ക്ക് തിരിച്ചടി നല്‍കാനാകുമെന്നുമൊക്കെ പറഞ്ഞാണ് മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ന്യായീകരിച്ചത്.

പുതിയ 2000രൂപ നോട്ടുകള്‍ പുറത്തിറങ്ങിയ വേളയില്‍ ഇവയ്ക്ക് അതീവ സുരക്ഷയുണ്ടെന്നും വ്യാജനുണ്ടാക്കാന്‍ കഴിയില്ലെന്നുമൊക്കെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ അവകാശവാദം. എന്നാല്‍ കള്ളനോട്ട് അടിക്ക് ബി.ജെ.പി പ്രവര്‍ത്തകന്‍ തന്നെ പിടിയിലായത് ബി.ജെ.പിയെ അക്ഷരാര്‍ത്ഥത്തില്‍ കുഴക്കിയിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെയാണ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. 500ന്റേയും 2000ന്റേയും നോട്ടുകള്‍ക്കു പുറമേ 100ന്റേയും 50ന്റേയും 10ന്റേയുമൊക്കെ കള്ളനോട്ടുകളും പിടിച്ചെടുത്തിരുന്നു.

കള്ളനോട്ടുകള്‍ അടിയ്ക്കാനായി വലിയ സംവിധാനം തന്നെയാണ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു നോട്ടടിക്കുന്ന കേന്ദ്രം. ഇവിടെ നിന്നും മഷികളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more