ന്യൂദല്‍ഹി: സി.ബി.ഐ സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും പ്രധാനമന്ത്രിയുടെ ഓഫീസും ബി.ജെ.പി നേതാവ് സുശീല്‍ മോദിയും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അലോക് വര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്.
ലാലു പ്രസാദ് യാദവിനെ ഐ.ആര്‍.സി.ടി.സി കുംഭകോണക്കേസില്‍ കുടുക്കാനായി പദ്ധതി തയ്യാറാക്കുകയാണ് ഇവരെന്നാണ് അലോക് വര്‍മ്മ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഐ.ആര്‍.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ചില പ്രത്യേക ചോദ്യങ്ങളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചോദിച്ചത്. ഐ.ആര്‍.ടി.സി കേസ് റെഗുലര്‍ കേസായി പരിഗണിക്കാന്‍ അസ്താന അുമതി തേടിയിട്ടും എന്തുകൊണ്ടാണ് പ്രാഥമിക അന്വേഷണത്തിലേക്കു പോകാന്‍ സി.ബി.ഐ ഡയറക്ടര്‍ തീരുമാനിച്ചതെന്നാണ് ആദ്യ ചോദ്യം.
“2013-14 കാലഘട്ടത്തില്‍ ഇതേ പരാതി സി.ബി.ഐയുടെ പരിഗണനയില്‍ വന്നതാണെന്നും അത് അവസാനിപ്പിച്ചതാണെന്നുമുള്ള വസ്തുത രാകേഷ് അസ്താന മറച്ചുവെച്ചു” എന്നായിരുന്നു ഇതിന് അലോക് വര്‍മ്മയുടെ മറുപടി. കേസിന് രാഷ്ട്രീയ മാനമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവായ സുശീല്‍ മോദിയുമായും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന നേതാവുമായും രാകേഷ് അസ്താന സ്ഥിരം ബന്ധപ്പെട്ടിരുന്നെന്നും അലോക് വര്‍മ്മ ആരോപിക്കുന്നു.
കേസിന്റെ രാഷ്ട്രീയ സെന്‍സിറ്റിവിറ്റിയും ബീഹാറില്‍ അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും മാനിച്ച് അതീവ ശ്രദ്ധയോടെ കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടുപോകണമെന്നുള്ളതായിരുന്നു തന്റെ നിലപാടെന്ന് വര്‍മ്മ പറയുന്നു. അതുകൊണ്ടുതന്നെ കേസിന്റെ നിയമവശങ്ങള്‍ പരിശോധിക്കണമെന്ന് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോടും സി.ബി.ഐയിലെ മുതിര്‍ന്ന നിയമ ഓഫീസറോടും അഡീഷണല്‍ ലീഗല്‍ അഡൈ്വസറോടും ആവശ്യപ്പെട്ടെന്നും വര്‍മ്മ പറയുന്നു. സി.ബി.ഐയിലെ മുതിര്‍ന്ന നിയമ ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. തെളിവുകള്‍ ഒട്ടും ബലമില്ലാത്തതാണെന്നും അതിനാല്‍ റഗുലര്‍ കേസ് രജിസ്റ്റര്‍ ചെയ്യും മുമ്പ് ശക്തമായ തെളിവുകള്‍ ശേഖരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശമെന്നും അലോക് വര്‍മ്മ പറയുന്നു.
Also Read:മോദിജി പ്രധാനമന്ത്രി, യോഗിജി മുഖ്യമന്ത്രി, എന്നിട്ടും രാമന്‍ കൂടാരത്തില്‍ തന്നെ; ബി.ജെ.പി എം.എല്‍.എ
സി.ബി.ഐയില്‍ നിന്നും പുറത്താക്കിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സി.ബി.ഐയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ ഇതിനകം തന്നെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് അലോക് വര്‍മ്മയ്ക്ക് കൈമാറാന്‍ വിജിലന്‍സ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.