| Friday, 8th November 2019, 9:24 am

രാകേഷ് അസ്താനയ്ക്ക് കുരുക്കായി പോളിഗ്രാഫ് ഫലം; കള്ളപ്പണക്കേസില്‍ അസ്താന കൈക്കൂലി വാങ്ങിയന്ന മൊഴി ശരിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറായിരിക്കെ രാകേഷ് അസ്താനയ്ക്കെതിരെ ഉയര്‍ന്ന കൈക്കൂലി കേസില്‍ ബിസിനസ്സുകാരന്‍ സതീഷ് ബാബു സനായുടെ നുണപരിശോധനാ ഫലം പുറത്ത്. രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന് സതീഷ് ബാബു നല്‍കിയ മൊഴി ശരിയാണെന്നാണ് നുണപരിശോധനാ ഫലത്തില്‍ പുറത്തുവന്നിരിക്കുന്നത്.

വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്ക്കെതിരെയുള്ള കേസ്. ഒക്ടോബര്‍ 15നാണ് അസ്താനയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മോയിന്‍ ഖുറേഷിക്കെതിരെയുള്ള കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ രണ്ടുകോടി രൂപ അസ്താന വാങ്ങിയെന്നാണ് സതീഷ് സനാ മൊഴി നല്‍കിയിരുന്നത്. ദുബൈ ആസ്ഥാനമായുള്ള മനോജ് പ്രസാദ് എന്നയാള്‍ മുഖേനെയാണ് പണം കൈമാറിയതെന്നും സനാ മൊഴി നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് ശരിയാണോ എന്ന് ഉറപ്പാക്കാനാണ് പോളിഗ്രാഫ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ സനാ പറഞ്ഞത് ശരിയാണെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട് നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 12, 13 തിയ്യതികളിലാണ് നുണപരിശോധന നടത്തിയത്. സനായെ കൂടാതെ കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നു പേരേയും ഒരു സാക്ഷിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം ഏപ്രിലില്‍ തന്നെ കൈമാറിയിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിലുള്ളത്.

സനയുടേയും കേസിലെ സാക്ഷി പുനീത് കര്‍ബന്‍ഡയും മൊഴികള്‍ ശരിവെക്കുന്നതാണ് പോളിഗ്രാഫ് പരിശോധനയിലും കണ്ടെത്തിയത്. കേസിലെ മറ്റൊരു പ്രതി മനോജ് പ്രസാദ് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാകാന്‍ വിസമ്മതിച്ചിരുന്നു.

അസ്താനയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ അന്നത്തെ സി.ബി.ഐ മേധാവിയായിരുന്ന അലോക് വര്‍മ്മയ്ക്കെതിരെ അസ്താന അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

മോയിന്‍ ഖുറേഷി കേസില്‍ പണം വാങ്ങിയത് അലോക് വര്‍മ്മ ആണെന്നായിരുന്നു അസ്താനയുടെ ആരോപണം. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ തനിക്കെതിരെ പ്രതികാര നടപടിയെന്നോണം രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസ് എന്നായിരുന്നു അസ്താനയുടെ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അലോക് വര്‍മ്മയും അസ്താനയും തമ്മിലുള്ള പോര് രൂക്ഷമായതോടെ അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയും അസ്താനയെ സി.ബി.ഐയില്‍ നിന്ന് മാറ്റുകയും ചെയ്തു. അലോക് വര്‍മ്മ പിന്നീട് സര്‍വീസില്‍നിന്ന് രാജിവെച്ചു.

രാകേഷ് അസ്താനക്കെതിരെ അഴിമതി ആരോപണവുമുണ്ട്. പൊലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും 20 കോടി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്കു നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സൂറത്ത് പൊലീസ് കമ്മീഷണറായിരിക്കെ അദ്ദേഹം പൊലീസ് ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം.

ഒരു റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സി.ബി.ഐയ്ക്കു നല്‍കിയ ഇ-മെയില്‍ സന്ദേശത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഫണ്ട് കൈമാറുന്ന സമയത്ത് നരേേ്രന്ദ മാദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയെന്നും ഇ-മെയില്‍ സന്ദേശത്തില്‍ ആരോപിച്ചിരുന്നു.

2015ലും ഇത്തരത്തില്‍ പൊലീസ് വെല്‍ഫെയര്‍ ഫണ്ട് ബി.ജെ.പിയുടെ ഇലക്ഷന്‍ ഫണ്ടിലേക്ക് പോയിട്ടുണ്ടെന്ന് ആര്‍.ടി.ഐ ആക്ടിവിസ്റ്റായ മുഹമ്മദ് സുഹൈല്‍ ഷെയ്ക്ക് ആരോപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more