ന്യൂദല്‍ഹി: മുന്‍ സി.ബി.ഐ. സ്പെഷ്യല്‍ ഡയരക്ടറായിരുന്ന രാകേഷ് അസ്താനയെ ദല്‍ഹി പൊലീസ് കമ്മീഷണറായി നിയമിച്ചു. രാകേഷ് അസ്താന ജൂലൈ 31ന് വിരമിക്കാനിരിക്കെ ഒരു വര്‍ഷം കാലാവധി നീട്ടിനല്‍കിയാണ് പുതിയ നിയമനം. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താന നിലവില്‍ ബി.എസ്.എഫ്. ഡയറക്ടര്‍ ജനറലാണ്.
കീഴ്വഴക്കങ്ങള്‍ മറികടന്ന് അസ്താനയെ സി.ബി.ഐ. തലപ്പത്ത് നിയമിച്ചത് വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്.
സി.ബി.ഐ. സ്‌പെഷ്യല്‍ ഡയരക്ടറായിരിക്കെ അന്നത്തെ മേധാവി അലോക് വര്‍മ്മയുമായി കൊമ്പുകോര്‍ത്തതും വാര്‍ത്തയായിരുന്നു. അസ്താനയെ സ്പെഷ്യല്‍ ഡയരക്ടറായി നിയമിച്ചത് അലോക് വര്‍മ്മ എതിര്‍ത്തിരുന്നു. മോദിയുടെ ‘കണ്ണിലുണ്ണി’യെന്നാണ് അസ്താനയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്.
വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കാലാവധി നീട്ടിനല്‍കി കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദല്‍ഹി പൊലീസിന്റെ തലവനായി മോദിയുടെ വിശ്വസ്ഥനെ പ്രതിഷ്ഠിക്കുന്നത് സംബന്ധിച്ച് ഇതിനകം ചര്‍ച്ചയാകുന്നുണ്ട്.