ന്യൂദല്‍ഹി: പശുവിന്റെ പേരില്‍ നടത്തിയ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായവരെ മാലിയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്. ജയന്ത് സിന്‍ഹയുടെ മണ്ഡലത്തില്‍പ്പെട്ടവരാണ് പ്രതികളെന്നും അദ്ദേഹത്തെ സംബന്ധിച്ച് കുടുംബത്തിലെ അംഗങ്ങള്‍ പോലെയാണെന്നും അവരെ സഹായിച്ചതില്‍ തെറ്റില്ലെന്നുമാണ് രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് മാധ്യമങ്ങളോടു പറഞ്ഞത്.
കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“അവര്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവരാണ്. അങ്ങനെ വരുമ്പോള്‍ ഒരു കുടുംബം പോലെയുള്ളവരാണ്. അദ്ദേഹം അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്‌തെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല.” എന്നാണ് രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് പറഞ്ഞത്.
Also Read:അഭിമന്യു വധം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു
നമ്മുടെ കുടുംബത്തില്‍പ്പെട്ടയാള്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ നമ്മള്‍ അവരെ സഹായിക്കില്ലേയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു.
താനാരെയും പ്രതിരോധിക്കുകയല്ലെന്നും സിന്‍ഹയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നും റാത്തോഡ് പറഞ്ഞു. “എന്റെ മണ്ഡലത്തിലെ ആളുകളെ ഞാനും കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്.” എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ മതേതര സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ഓഫീസര്‍ കൂടിയായ റാത്തോറില്‍ നിന്നും ഇത്തരമൊരു അഭിപ്രായ പ്രകടനമുണ്ടായിരിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ 55കാരനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ മാലയിട്ടും മധുരപലഹാരം നല്‍കിയും സ്വീകരിച്ച ജയന്ത് സിന്‍ഹയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ഇവര്‍ക്ക് ബി.ജെ.പി ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയിലായിരുന്നു സംഭവം.
എട്ടുപേര്‍ നിരപരാധികളാണെന്ന് പറഞ്ഞാണ് ജയന്ത് സിന്‍ഹ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. എട്ടുപേരെ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ച നടപടി തെറ്റാണെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിലെ പിഴവുകള്‍ തിരുത്തി ഹൈക്കോടതി ഉത്തരവിട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read:വിംബിള്‍ടണ്‍ കോര്‍ട്ടില്‍ നെയ്മറിനെ അനുകരിച്ച് യൂനസ് യോര്‍ക്ക്മാന്‍; വീഡിയോ വൈറലാവുന്നു
2017 ജൂണിലാണ് ജാര്‍ഖണ്ഡില്‍ 55 കാരനായ കച്ചവടക്കാരനെ വണ്ടിയില്‍ നിന്നും വലിച്ചു പുറത്തിട്ട് തല്ലിക്കൊന്നത്. ബീഫ് കടത്ത് ആരോപിച്ചായിരുന്നു ആക്രമണം. പ്രാദേശിക ബി.ജെ.പി നേതാവ് ഉള്‍പ്പെടെ 11 പേരെ ഈ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ശിക്ഷ തടഞ്ഞുവെക്കുകയും എട്ടുപേര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. ഇതില്‍ ഏഴുപേരാണ് കേന്ദ്രമന്ത്രിയുടെ സ്വീകരണം ഏറ്റുവാങ്ങിയത്.