| Thursday, 7th June 2018, 6:07 pm

കേരളാകോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും; എതിര്‍പ്പുമായി കൂടുതല്‍ നേതാക്കള്‍: സോഷ്യല്‍ മീഡിയയില്‍ അണികളുടെ രോഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ എന്നിവരുമായി ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടക്കുന്നതിനിടെയാണ് സുധീരന് പിന്നാലെ എതിര്‍പ്പുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നത്.

കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെ.സി ജോസഫ് പറഞ്ഞു. താല്‍ക്കാലിക ലാഭത്തിന് വേണ്ടി സീറ്റുവിട്ടു നല്‍കുന്നതിനെതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം പണയപ്പെടുത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്തരമൊരു തീരുമാനത്തിന് രാഹുല്‍ ഗാന്ധി വഴങ്ങില്ലെന്ന് അനില്‍ അക്കരയും പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ അണികളും രോഷം പ്രകടിപ്പിച്ചു തുടങ്ങി.

കെ.എം.മാണി ഇപ്പോള്‍ യു.ഡി. എഫിലെ ഘടകകക്ഷി അല്ലെന്നും അങ്ങനെയുള്ള കക്ഷിക്ക് സീറ്റ് നല്‍കേണ്ട ആവശ്യം എന്താണെന്നായിരുന്നു സുധീരന്‍ ചോദിച്ചത്. സീറ്റ് നല്‍കിയാല്‍ തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും സുധീരന്‍ പറഞ്ഞു. രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ കുറവുള്ളത് പരിഗണിക്കണമെന്നും സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയത്.

അതേസമയം സീറ്റ് വിട്ടുനല്‍കുന്നതിനോട് എതിര്‍പ്പില്ലെന്ന് അറിയിച്ച് കെ.മുരളീധരന്‍ രംഗത്തെത്തി. മുന്നണി ശക്തമാക്കാന്‍ വിട്ടുവീഴ്ച്ചകള്‍  വേണ്ടിവരുമെന്നാണ് മുരളീധരന്‍ പറഞ്ഞത്.

മുസ്‌ലിം ലീഗ് ഇതു സംബന്ധിച്ചു കര്‍ക്കശമായ നിലപാടു കൈക്കൊള്ളുന്നതാണു കോണ്‍ഗ്രസിനെ വിട്ടുവീഴ്ചയ്ക്കു പ്രേരിപ്പിക്കുന്നത്.

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവും രാജ്യസഭാസീറ്റും സംബന്ധിച്ച് ദല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍ തുടരുകയാണ്. വിഷയത്തില്‍ ഇന്നുതന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

We use cookies to give you the best possible experience. Learn more