ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കി
India
ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th December 2013, 6:37 pm

[] ന്യൂദല്‍ഹി:  അഴിമതി തടയാനുള്ള ലോക്പാല്‍ ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. ശബ്ദവോട്ടോടെയാണ്  രാജ്യസഭ ബില്‍ പാസാക്കിയത്.

അതേസമയം സി.പി.ഐ.എം ബില്ലില്‍ കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. സ്വകാര്യ സ്ഥാപനങ്ങളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന ഭേദഗതിയാണ് രാജ്യസഭ തള്ളിയത്.

ബില്‍ നാളെ ലോക്‌സഭ കൂടി പാസാക്കുന്നതോടെ നിയമമാകും.  ബില്ലിനെതിരെ എതിര്‍പ്പും ബഹളവുമായി സമാജ് വാദി പാര്‍ട്ടി രംഗത്തെത്തിയതിനെത്തുടര്‍ന്ന് രാജ്യസഭ 12 മണി വരെ നിര്‍ത്തിവച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയും രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും സമാജ് വാദി പാര്‍ട്ടിയുടെയും സീമാന്ധ്ര എം.പിമാരുടെയും ബഹളത്തെത്തുടര്‍ന്ന്  പാസാക്കാനായിരുന്നില്ല.

ഇതിനിടെ ലോക്പാല്‍ ബില്‍ പാസാക്കാന്‍ മുന്‍കയ്യെടുത്തതിന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അണ്ണാ ഹസാരെ അഭിനന്ദിച്ചു. നാളെ ലോക്‌സഭ കൂടി പാസാക്കുന്നതോടെ താന്‍ നിരാഹാര സമരം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച പതിന്നാല് ഭേദഗതികളോടെയാണ് വി.നാരായണസ്വാമി ബില്‍ അവതരിപ്പിച്ചത്. 44 വര്‍ഷത്തിന് ശേഷമാണ് നിര്‍ണായകമായ ബില്ല് രാജ്യസഭ പാസാക്കുന്നത്.