| Thursday, 24th September 2020, 9:38 am

കേരളത്തില്‍ നിന്നുള്ള 19 എം.പിമാര്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കി; ലോക്‌സഭയില്‍ എല്‍.ഡി.എഫ് എം.പിമാര്‍ കുറഞ്ഞതിന്റെ പ്രത്യാഘാതം ജനങ്ങള്‍ മനസിലാക്കുന്നത് ഇപ്പോള്‍: എളമരം കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക ബില്‍ ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കുമ്പോള്‍ കേരളത്തില്‍ നിന്ന് പോയ 19 കോണ്‍ഗ്രസ് എം.പിമാര്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് രാജ്യസഭാ എം.പി എളമരം കരീം. 19 കോണ്‍ഗ്രസ് എം.പിമാര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ മാത്രമാണ് സംസാരിച്ചതെന്നും കര്‍ഷക പ്രക്ഷോഭത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയില്‍ ‘ആ 19 എം.പിമാര്‍ എവിടെ?’ എന്നെഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കാര്‍ഷിക മേഖലയിലും സഹകരണ മേഖലയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന നിയമ നിര്‍മാണങ്ങളെ രാജ്യസഭയില്‍ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുമ്പോള്‍ ലോക്സഭ പ്രസ്തുത ബില്ലുകളെല്ലാം ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം.പിമാര്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കി. കര്‍ഷക പ്രക്ഷോഭത്തെ ഇവര്‍ അപമാനിച്ചു. അവര്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ മാത്രമാണ് സംസാരിച്ചത്. അവര്‍ നല്‍കിയ ചോദ്യങ്ങളും സബ്മിഷനുകളും എല്ലാം എല്‍.ഡി.എഫിന് എതിരായിരുന്നു,’ ലേഖനത്തില്‍ പറയുന്നു.

ഉത്തരേന്ത്യയില്‍ കര്‍ഷക സമരം ആളിപ്പടരുമ്പോള്‍ അവര്‍ ദല്‍ഹിയില്‍ ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുകയായിരുന്നെന്നും ഇത്രയും തരംതാഴാന്‍ യു.ഡി.എഫിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫ് നടത്തുന്ന സമരത്തെ പൊലീസ് ‘അടിച്ചമര്‍ത്തുന്നു’ എന്നാരോപിച്ച് കേരളഹൗസിന് മുമ്പില്‍ അവര്‍ ധര്‍ണ നടത്തി. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം ആളിപ്പടരുമ്പോള്‍ ദല്‍ഹിയില്‍ ഉമ്മന്‍ചാണ്ടിയുടെ നിയമസഭാഅംഗത്വത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുകയായിരുന്നു. ഇത്രയും തരംതാഴാന്‍ യു.ഡി.എഫിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ജനങ്ങളുടെയും രാജ്യത്തിന്റെയും മുഖ്യശത്രു ബി.ജെ.പിയും സംഘപരിവാറും ആണെന്ന യാഥാര്‍ഥ്യത്തെ അവഗണിച്ച് ബി.ജെ.പി സര്‍ക്കാരിനെതിരെ ഒരു പ്രതിഷേധ സമരം പോലും അവര്‍ നടത്താതിരുന്നത്, കേരളത്തില്‍ രൂപം കൊണ്ടുവരുന്ന കോ-ലീ-ബി സഖ്യത്തിന്റെ നാന്ദിയാണ്,’ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ എം.പിമാരുടെ എണ്ണം കുറഞ്ഞതിന്റെ പ്രത്യാഘാതം ഇപ്പോഴാണ് ജനങ്ങള്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്ക് ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ വയനാട്ടില്‍ നിന്നും ജയിച്ചു പോയ രാഹുല്‍ ഗാന്ധി കര്‍ഷക സമരം ആളിക്കത്തുമ്പോള്‍ വിദേശത്തേക്ക് പോയി. കോണ്‍ഗ്രസിന്റെ ഈ അപചയം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് നാഥനില്ലാതായിരിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ ഗുലാം നബി ആസാദിനെ തരം താഴ്ത്തിയെന്നും ഇത്തരത്തിലുള്ളവര്‍ക്ക് എന്ത് ദേശീയ താത്പര്യമാണുള്ളതെന്നും എളമരം കരീം ചോദിച്ചു.

സെപ്തംബര്‍ 17നാണ് ലോക്‌സഭയില്‍ ശബ്ദവോട്ടോടെ കാര്‍ഷിക ബില്‍ പാസാക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ചയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajyasabha MP Elamaram Kareem says 19 loksabha mps from kerala made

We use cookies to give you the best possible experience. Learn more