മഹാത്മ ഗാന്ധിക്കെതിരായ പരാമര്‍ശം: കട്ജുവിനെതിരെ രാജ്യസഭ പ്രമേയം പാസാക്കി
Daily News
മഹാത്മ ഗാന്ധിക്കെതിരായ പരാമര്‍ശം: കട്ജുവിനെതിരെ രാജ്യസഭ പ്രമേയം പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Mar 11, 07:53 am
Wednesday, 11th March 2015, 1:23 pm

katju
ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ ബ്രിട്ടീഷ് ചാരനെന്ന് വിശേഷിപ്പിച്ച പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കേണ്ഡയ കട്ജുവിനെതിരെ രാജ്യസഭ പ്രമേയം പാസാക്കി. സഭയുടെ ശൂന്യ വേളയില്‍ പ്രതിപക്ഷമാണ് കട്ജുവിന്റെ പരാമര്‍ശത്തെ അപലപിച്ച് കൊണ്ട് പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

സഭയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച അരുണ്‍ ജെയ്റ്റ്‌ലി കട്ജുവിന്റെത് തല തിരിഞ്ഞ പ്രസ്താവനയാണെന്നും ഇത്തരം ചിന്താഗതി പുലര്‍ത്തുന്നവര്‍ എങ്ങനെയാണ് സുപ്രീം കോടതിയില്‍ ജഡ്ജിമാരായി നിയമിക്കപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെ കട്ജു ഗാന്ധിജി, സുഭാഷ് ചന്ദ്ര ബോസ് എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നുവെന്നും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിപ്പിക്കുന്നത് എളുപ്പമാക്കിയത് ഗാന്ധിജിയുടെ നയങ്ങളാണെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇത് കൂടാതെ ഗാന്ധിജിയുടെ സാമ്പത്തിക നയങ്ങള്‍ പ്രതിലോമകരമാണെന്നും വിശേഷിപ്പിച്ചിരുന്നു.

സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍ ഏജന്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവന. ആവശ്യം കഴിഞ്ഞപ്പോള്‍ ജപ്പാന്‍ അദ്ദേഹത്തെ വലിച്ചെറിഞ്ഞതായും കട്ജു എഴുതിയിരുന്നു.